
ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷപരിപാടികള്‍ ശ്രദ്ധേയമായി. സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ്, കത്താറ, പ്രമുഖ മാളുകള്‍ എന്നിവിടങ്ങിലെ സംഗീത, കലാ പരിപാടികള്‍ കഴിഞ്ഞദിവസം സമാപിച്ചു.
അതേസമയം ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററിലെ വിനോദനഗരത്തിന്റെ പ്രവര്‍ത്തനം ഇന്നു കൂടി തുടരും. ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പതിനൊന്നുവരെയാണ് വിനോദനഗരത്തിലെ പ്രവേശനം. വാരാന്ത്യങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
കാഴ്ചകള്‍ ആസ്വദിക്കുന്നതിനും ഗെയിമുകളില്‍ പങ്കാളികളാകുന്നതിനും കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരെത്തി. ഖത്തറിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിആര്‍- ഗെയിമിങ് സോണാണ് വിനോദനഗരം.

50ലധികം പരിപാടികള്‍, 46 ഭക്ഷ്യഔട്ട്ലെറ്റുകള്, 50ലധികം റീട്ടെയില്‍ ഷോപ്പുകള്‍ എന്നവയെല്ലാമുള്ള വിനോദനഗരം കുടുംബത്തിന് വേനലില്‍ ഒഴിവുസമയം ചെലവഴിക്കാനുള്ള മികച്ച കേന്ദ്രമാണ്.
ഇതിനിടെ സമ്മര്‍ ഇന്‍ ഖത്തറിന്റ അന്തിമ നറുക്കെടുപ്പ് മാള്‍ ഓഫ് ഖത്തറില്‍ നടന്നു. ടൂറിസം കൗണ്‍സിലിന്റെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു നറുക്കെടുപ്പുകള്‍. 200 റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ആര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. രണ്ട് ദശലക്ഷം റിയാല്‍ മൂല്യമുള്ള സമ്മാനങ്ങളായിരുന്നു വിജയികള്‍ക്കായി ഒരുക്കിയിരുന്നത്.
അന്തിമ നറുക്കെടുപ്പില്‍ അഞ്ച് പേര് 20000 റിയാലിന്റെ കാഷ് പ്രൈസിനും രണ്ട് പേര് 50000 റിയാലിന്റെ കാഷ് പ്രൈസിനും അര്‍ഹരായി. ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ കാഷ് പ്രൈസാണ് ലഭിച്ചത്. ബമ്പര്‍ സമ്മാനമായ മക്ലാറന് സ്പൈഡര്‍ 570എസ് 2018 മോഡല്‍ കാറിന് 280915 നമ്പര്‍ കൂപ്പണ്‍ അര്‍ഹരായി.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുവൈത്തി നാടകം ഖുതുവാത് അല്ശൈത്വാന് കാണാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഖത്തര്‍ നാഷണല്‍ തിയറ്ററില്‍ എത്തിയത്. യുവാക്കളെയും പ്രായമായവരെയും ത്രില്ലടിപ്പിച്ച ബ്ലു മെന്‍ ഗ്രൂപ്പിന്റെ പ്രകടനവും ശ്രദ്ധേയമായി.
ഒമിദ് ജലിലി, നെമിര്‍ അബു നാസര്‍, ഹമദ് അല്‍ മര്‍രി എന്നിവരുടെ ദോഹ കോമഡി ഫെസ്റ്റിവല്‍ ആസ്വാദ്യകരമായ അനുഭവമായി. ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒട്ടേറെ പ്രതിഭകള്‍ അണിനിരന്ന എട്ടാമത് സൈമ ചലച്ചിത്ര അവാര്‍ഡ് രാവുകളും സമ്മര്‍ ഇന്‍ ഖത്തറിന് കൊഴുപ്പേകി.
ലുസൈലിലെ സ്പോര്‍ട്ട് അറീനയിലായിരുന്നു സൈമ പുരസ്കാരദാനചടങ്ങ്. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ തയ്യാറാക്കിയ ഖത്തറിലെ പ്രഥമ മഞ്ഞ് പാര്‍ക്കും സ്നോ ഡ്യൂണ്സും ശ്രദ്ധേയമായി. 9500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സനോ തീം പാര്‍ക്ക് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെത്തിയത്.