
ദോഹ: സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹയിലെയും അല്‍ഖോറിലെയും വിവിധ മാളുകളിലെ പരിപാടികള്‍ ആകര്‍ഷകമാകുന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും വര്‍ധിച്ച പങ്കാളിത്തം ഈ പരിപാടികള്‍ക്കുണ്ട്.
സമ്മര്‍ ഇന്‍ ഖത്തറില്‍ പങ്കെടുക്കുന്ന ഒന്‍പത് മാളുകളിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നൂതനങ്ങളായ പരിപാടികളാണ് പുരോഗമിക്കുന്നത്. സൂഖ് വാഖിഫ്, കത്താറ, സൂഖ് അല്‍വഖ്‌റ എന്നിവിടങ്ങളിലെ ഈദാഘോഷ പരിപാടികള്‍ സമാപിച്ചതോടെ മാളുകളിലെ ആഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ സന്ദര്‍ശകപ്രവാഹം. ഈ മാളുകളില്‍ ഉത്പന്നങ്ങള്‍ക്ക് 70ശതമാനം വരെ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കും.

പ്രത്യേക പ്രമോഷനുകളുമുണ്ടാകും. ഈ മാളുകളില്‍ ഓരോ 200 റിയാലിനും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകളിലൂടെ 20ലക്ഷം റിയാല്‍ മൂല്യമുള്ള ക്യാഷ് പ്രൈസുകളിലൊന്നോ മക്‌ലാരെന്‍ 570എസ് കാറോ സ്വന്തമാക്കുന്നതിനായി റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കുന്നതിനു അവസരമുണ്ടാകും. സമ്മര്‍ ഇന്‍ ഖത്തറിന്റെ ആദ്യ ആഴ്ചയില്‍തന്നെ നറുക്കെടുപ്പിനായി 6000ലധികം വൗച്ചറുകളാണ് സമര്‍പ്പിക്കപ്പെട്ടത്.
വേനല്‍സീസണിലുടനീളം ഒന്‍പത് മാളുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ തുടരും. ഇന്ത്യന്‍ കോമഡിതാരംസാകിര്‍ ഖാന്‍ പങ്കെടുക്കുന്ന ദോഹ കോമഡി നൈറ്റ് ജൂണ്‍ 13ന് നടക്കും. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ജൂണ്‍ പതിനാലു മുതല്‍ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ തല്‍സമയസംപ്രേഷണമുണ്ടാകും. ബ്രസീല്‍, അര്‍ജന്റീന ഉള്‍പ്പടെയുള്ള വമ്പന്‍ ടീമുകള്‍ക്കൊപ്പം ഇത്തവണ ഖത്തറും മത്സരരംഗത്തുണ്ട്. ജൂണ്‍ 21ന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലുമുണ്ടാകും.
മാളുകളിലെ വിവിധ പരിപാടികളില്‍ കുട്ടികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കാണാനും അവരുമായി സമയം ചെലവഴിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ജൂണ്‍ 13 മുതല്‍ 15വരെ ടോം ആന്റ് ജെറി, 20 മുതല്‍ 22വരെ ടൈറ്റന്‍ ദി റോബോട്ട് തുടങ്ങിയവയുടെ സാന്നിധ്യമുണ്ടാകും. മിര്‍ഖബ് മാളില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ഫാമിലി ഫണ്‍ സര്‍ക്കസ് ആകര്‍ഷകമായി.
ജൂണ്‍ 14വരെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള വിനോദ വിജ്ഞാനപരിപാടിയായ ചില്‍ഡ്രന്‍സ് ആസ്‌ട്രോഡോം, ജൂണ്‍ 14 മുതല്‍ ജൂലൈ 19വരെ മനുഷ്യശരീരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന പ്രദര്‍ശനപരിപാടി തുടങ്ങിയവയുണ്ടാകും.
തവര്‍ മാളില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴുവരെ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളും ജൂണ്‍ 15 മുതല്‍ ജൂലൈ 13വരെ നടക്കുന്ന ആഫ്രിക്കന്‍ കപ്പും ആസ്വദിക്കുന്നതിനുള്ള അവസരമുണ്ടാകും. ജൂണ്‍ 27, 28 തീയതികളില്‍ ടൂണ്‍ വീക്കന്‍ഡുണ്ടാകും. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ജൂണ്‍ പതിനാലുവരെ മനുഷ്യാകൃതിയിലുള്ള സവിശേഷമായ ഗെയിം നടക്കും. ജൂണ്‍ പതിനഞ്ചിന് ആംഗ്രി ബേര്‍ഡ്‌സ് കഥാപാത്രങ്ങള്‍ സാന്നിധ്യമറിയിക്കും.
ഡിസ്‌നി, ജീം ജവാബ് ടിവി, ബാരെന്‍ ടിവി കഥാപാത്രങ്ങള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 13വരെ വിവിധ ഘട്ടങ്ങളിലായി ആഘോഷങ്ങളുടെ ഭാഗമാകും. ട്രൈമൂ പാര്‍ക്ക്‌സിന്റെ പരിപാടികളും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലുണ്ടാകും. മാള്‍ ഓഫ് ഖത്തറില്‍ സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, വണ്ടര്‍ വുമണ്‍, ദി ഫ്‌ളാഷ്, ജസ്റ്റീസ് ലീഗ് ഷോകള്‍ നടക്കും. ഡോറ ആന്റ് ഐസ് ഏജ് സിംഗലോങ്‌സ്, ആന്റ് മാന്‍, ബ്ലാങ്ക് പാന്തര്‍ പരിപാടികള്‍ ജൂണ്‍ 27 മുതല്‍ 29വരെ നടക്കും. ജൂലൈ 18 മുതല്‍ 20വരെ ബാരെം ടിിവി കഥാപാത്രങ്ങളുടെ ഷോയുമുണ്ടാകും.