
സലാല കെ എം സി സി സി എച്ഛ്- ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ വി വി മുഹമ്മദലി സംസാരിക്കുന്നു
സലാല: രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ കേരളീയസമൂഹം നേരിട്ട കലുഷിതസാഹചര്യങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യുന്നതില്‍ വിജയം വരിച്ചവരാണ് സി എച്ച് മുഹമ്മദ് കോയ സാഹിബും ശിഹാബ് തങ്ങളുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി.
സലാല കെഎംസിസി സംഘടിപ്പിച്ച സി എച്ച്- ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്മാരായ ഈ നേതാക്കള്‍ ഇപ്പോഴും സമൂഹമനസ്സില്‍ പത്തരമാറ്റ് തിളക്കത്തോടെ കുടികൊള്ളുന്നത് അതുകൊണ്ടാണ്. സ്വന്തം സമുദായത്തെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ പ്രയത്‌നിക്കുമ്പോഴും സമൂഹത്തെ ഒന്നായി കാണാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.
ഭരണപരമായ തീരുമാനങ്ങളില്‍ പോലും വിവേചനപരമായ നിലപാടുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശത്രുക്കള്‍ക്ക് പോലും സാധിച്ചിരുന്നില്ല. തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയുമ്പോഴും എല്ലാവരുടേയും നേതാവായി പ്രവര്‍ത്തിക്കാന്‍ സി എച്ചിനെ സഹായിച്ചത് ഈ കാഴ്ചപ്പാടാണ്. സി എച്ഛിനേയും ശിഹാബ് തങ്ങളേയും പോലുള്ള നേതാക്കളെയാണ് യുവതലമുറ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി സംസാരിച്ചു. സലാല കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. എം സി അബുഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് കല്പറ്റ സ്വാഗതവും ഹാഷിം കോട്ടക്കല്‍ നന്ദിയും പറഞ്ഞു. എം എം ബഷീര്‍ ഉപഹാരം സമര്‍പ്പിച്ചു.