in ,

സവര്‍ക്കര്‍ക്കറുടെ അമര്‍ചിത്രകഥ വിതരണം ചെയ്തത് ദേശവിരുദ്ധം: സംഘടനാ നേതാക്കള്‍

Front Page-A
Front Page-A

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം വി ഡി സവര്‍ക്കറുടെ അമര്‍ചിത്രകഥ കുട്ടികള്‍ക്ക് വിതരണം ചെയ്തതിനെതിരെ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ രംഗത്ത്. ഇന്ത്യന്‍ ഭരണ ഘടനയെയും ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിക്കാത്ത, ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ കൊലപാതക കേസിലെ പ്രതിയെ മഹത്വവത്കരിക്കുന്ന ചിത്ര കഥ സമ്മാനമായി നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

എസ് എ എം ബഷീര്‍
(പ്രസിഡന്റ്, ഖത്തര്‍
കെ എം സി സി)

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയില്‍ ചരിത്രത്തിന്റെ വക്രീകരണവും തിരുത്തി എഴുതലുകളും നടന്നു കൊണ്ടിരിക്കുകയാണ്. നായകന്‍മാരെ പ്രതിനായകന്‍മാരും പ്രതിനായകന്‍മാരെ നായകന്‍മാരുമാക്കുന്ന ചരിത്ര സത്യങ്ങളുടെ വളച്ചൊടിക്കലിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് നീക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കൂട്ടികള്‍ക്ക് ഇന്ത്യന്‍ ഭരണ ഘടനയെയും ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിക്കാത്ത, ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ കൊലപാതക കേസിലെ പ്രതിയുടെ പേരിലുള്ള, അയാളെ മഹത്വവത്കരിക്കുന്ന ചിത്ര കഥ സമ്മാനമായി നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ മറുപടി വ്യക്തമാക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാകണം. സര്‍ക്കാര്‍ ദല്‍ഹിയില്‍ നിന്ന് അയച്ച് കൊടുത്ത പുസ്തകമാണോ, അതോ ഇവിടെ നിന്ന് വാങ്ങിച്ചതാണോ, തുടങ്ങിയ കാര്യങ്ങള്‍ എംബസി വ്യക്തമാക്കണം. കുഞ്ഞുമനസ്സുകള്‍ വംശീയതയും വിദ്വേഷവും വളര്‍ത്താന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നത് ശരിയല്ല. ഇത്തരം ആളുകളുടെ പുസ്തകങ്ങള്‍ ഇന്ത്യന്‍ എംബസി മുന്‍കൈ എടുത്ത് കൊടുക്കുക എന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഈ പുസ്തകം സമ്മാനമായി നല്‍കിയത് എന്നതും ഇതിന്റെ ഉറവിടം എവിടെയാണെന്നതും എംബിസി വിശദീകരിക്കണം. പുസ്തകത്തിന്റെ കവര്‍ പേജില്‍ സവര്‍ക്കര്‍ കലാപാനി ജയില്‍ അനുഭവിച്ച കഷ്ടതകള്‍ വിവരിക്കുന്നുണ്ട്. അതൊരു സൂചകമാണെങ്കില്‍ അതു തന്നെ ചരിത്രത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ബ്രിട്ടീഷുകാര്‍ക്ക് പലതവണ മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആളെ ഇങ്ങനെ നല്ലപിള്ള ചമക്കാനും വലിയ ഹീറോയായി അവതരിപ്പിക്കുന്നതും ചരിത്രത്തോടു ചെയ്യുന്ന അനീതിയാണ്.

റിജു ആര്‍
(കരുണ ഖത്തര്‍)

ഇന്ത്യന്‍ എംബസി കുട്ടികള്‍ക്ക് സവര്‍ക്കറുടെ പുസ്തകം വിതരണം ചെയ്തുവെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പല മതത്തിലും വിശ്വാസത്തിലുമുള്ള പ്രവാസികളെ പ്രതിനിധാനം ചെയ്യുന്നതാണ് എംബസി. അത്തരത്തിലുള്ള എംബസി സംഘ്പരിവാര്‍ രാഷ്ട്രീയം പ്രയോഗിക്കാന്‍ അധികാരമുപയോഗിക്കുന്നത് നീതികേടാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണം. രാഷ്ട്രപിതാവിനെ കൊന്ന കേസില്‍ കുറ്റാരോപിതനായ സവര്‍ക്കര്‍ ഇന്ത്യയെ ഇന്ത്യയെ ഒറ്റുകൊടുത്ത ഒരാളാണ്. അയാളുടെ ജീവിതം മഹത്വവത്കരിച്ച് കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കുക എന്നത് വിഷലിപ്തമായ ചരിത്രം പിഞ്ചുമനസ്സുകളില്‍ കുടിയേറാന്‍ സഹായിക്കുക എന്നത് കൂടിയാണഅ. ഇന്ത്യയില്‍ രാജ്യത്ത് സി എ എ, എന്‍ പി ആര്‍ തുടങ്ങിയ മതത്തെ മുന്‍നിര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമം നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പ്രവണത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തന്നെയാണ് പ്രവാസ ലോകത്തും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാവുന്നത്. സി എ എ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇത്തരം നീക്കങ്ങളെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

സമീര്‍ ഏറാമല
(പ്രസിഡന്റ്, ഇന്‍കാസ് ഖത്തര്‍)

ഗാന്ധിജിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ മഹാനായി അവതരിപ്പിച്ച് പിഞ്ചുകുട്ടികള്‍ക്ക് സമര്‍പ്പിക്കുന്ന നടപടിയാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നത്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികള്‍ രംഗത്തു വരേണ്ടതുണ്ട്. സംഘ് പരിവാര്‍ രാഷ്ട്രീയം എംബസിയിലൂടെ നടപ്പിലാക്കുന്ന ഹീനമായ ശ്രമങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ഹൈന്ദവ രാഷ്ട്രം എന്ന കാഴ്ചപ്പാട് പ്രത്യയശാസ്ത്രമാക്കി അവതിപ്പിച്ച്, മറ്റുള്ള മതങ്ങളെയെല്ലാം തള്ളിപ്പറഞ്ഞ ഒരാള്‍ കൂടിയാണ് സവര്‍ക്കര്‍. അദ്ദേഹത്തെ വീര്‍ എന്ന വിശേഷണം നല്‍കി ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ പൊതസമൂഹം തിരിച്ചറിയണം.

പ്രദോഷ്‌കുമാര്‍
(അടയാളം ഖത്തര്‍)

ബ്രാഹ്മണിക് ഹിന്ദുമതതീവ്രവാദം രാഷ്ട്രീയധികാരത്തില്‍ ഇരിക്കുന്ന വര്‍ത്തമാനയാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മതേത്വതരവും ജനാധിപത്യപരവുമാകേണ്ട ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ തീവ്രഹൈന്ദവതയുടെ വക്താക്കളായും പ്രയോക്താക്കളായും മാറിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് നിരവധി മാപ്പപേക്ഷകള്‍ എഴുതിനല്‍കിയതിനൊപ്പം സ്വന്തം അനുയായികളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിണിയാളുകളാക്കിക്കൊള്ളാമെന്ന വാഗ്ദാനവും വഴി ജയില്‍ വിമോചിതമായ ചരിത്രമാണ് സവര്‍ക്കറുടേത്. കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗാന്ധിവധത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കര്‍.
സവര്‍ക്കറെ വീരപുരുഷനാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ് ഹിന്ദുവര്‍ഗീയവാദികള്‍ തുടങ്ങിവെച്ചിട്ട് കാലമേറെയായി. സവര്‍ക്കറെ വീര്‍പുരുഷനാക്കി കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എംബസി നടത്തിയ പരിപാടിയില്‍ കുട്ടികള്‍ക്ക് സവര്‍ക്കറുടെ അമര്‍ചിത്രകഥ വിതരണം ചെയ്തത്. എംബസിയുടെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. രാജ്യത്ത് പൗരത്വബില്ലിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ ഐക്യത്തെ തിരിച്ചറിയാന്‍ ഇത്തരം അധികാരസ്ഥാപനങ്ങള്‍ തയ്യാറാകേണ്ടതുണ്ട് എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

തുറന്ന പ്രതികരണമില്ലെന്ന് സംസ്‌കൃതി
ദോഹ:
മഹാത്മാഗാന്ധിയുടെ കൊലപാതക കേസില്‍ ആരോപണ വിധേയനും ഹൈന്ദഫാഷിസത്തിന്റെ വക്താവുമായ സവര്‍ക്കറുടെ അമര്‍ചിത്രകഥ എംബസി കുട്ടികള്‍ക്ക് വിതരണം ചെയ്തതില്‍ തുറന്ന പ്രതികരണത്തിനില്ലെന്ന് സി പി എം അനുകൂല പ്രവാസി സംഘടനയായ സംസ്‌കൃതിയുടെ പ്രതിനിധി എ സുനില്‍കുമാര്‍. എംബസിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നാട്ടിലാണ് സഭക്കകത്തും പുറത്തും പ്രതിഷേധമുയര്‍ത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവരേണ്ടതെന്നും അല്ലാതെ ഇവിടെയുള്ള പ്രതികരണത്തിനു പ്രാധാന്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നല്ല പൂര്‍വികന്റെ മികച്ച പിന്‍ഗാമി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ

അണ്ടര്‍ സെക്രട്ടറിയെ നിയമിച്ചു