അമീര്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഡ്യുഷന്‍ബെയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായി ചര്‍ച്ച നടത്തി. ഡ്യുഷന്‍ബെ രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ജനുവരിയില്‍ അമീര്‍ നടത്തിയ ചൈനീസ് സന്ദര്‍ശനം വലിയ വിജയമായിരുന്നുവെന്നും ഖത്തരി ചൈനീസ് ബന്ധം പ്രോത്സാഹിപ്പിക്കുന്നതില്‍ സന്ദര്‍ശനം വലിയ സംഭാവനകള്‍ നല്‍കിയെന്നും ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഫലത്തില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധവും സഹകരണവും വികസിപ്പിക്കുന്നതിലും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും അമീറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തന്റെ സന്നദ്ധതയും പ്രസിഡന്റ് അറിയിച്ചു. ഖത്തരി- ചൈനീസ് ബന്ധം തന്ത്രപ്രാധാന്യമുള്ളതാണെന്ന് അമീര്‍ വിശേഷിപ്പിച്ചു. ജനുവരിയില്‍ നടത്തിയ ചൈനീസ് സന്ദര്‍ശനത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതില്‍ ചൈനീസ് പ്രസിഡന്റ് സൂചിപ്പിച്ച പരസ്പര താല്‍പ്പര്യം അമീറും എടുത്തുകാട്ടി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന പങ്കാളിത്തവും സഹകരണവും ഇരുവരും വിലയിരുത്തി.
സാമ്പത്തികം, നിക്ഷേപം, ഊര്‍ജം, വ്യവസായം ഉള്‍പ്പടെയുള്ള മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതും ചര്‍ച്ചയായി. മേഖലാ, രാജ്യാന്തരതലത്തില്‍ പൊതുവായ ആശങ്കകളുള്ള ഏറ്റവും സുപ്രധാന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.