
ദോഹ: സുഡാനില്‍ വെള്ളപ്പൊക്ക ബാധിതര്‍ക്ക് സഹായവുമായി ഖത്തറിന്റെ രണ്ടാം വിമാനം തിങ്കളാഴ്ച ഖാര്‍ത്തൂമിലിറങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഖത്തറിന്റെ അടിയന്തര സഹായമെത്തിച്ചത്.
ലോകത്തിലെ എല്ലാഭാഗങ്ങളിലുമുള്ള സഹായങ്ങള്‍ക്ക് അര്‍ഹരായ ജനങ്ങളെ സഹായിക്കുക എന്ന ഖത്തറിന്റെ നിലപാടിന്റെ ഭാഗമായാണ് സുഡാനുള്ള അടിയന്തരസഹായപ്രവര്‍ത്തനങ്ങള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അമീരി എയര്‍ഫോഴ്‌സ് വിമാനത്തിലാണ് സഹായം എത്തിച്ചിരിക്കുന്നത്. രണ്ടാമത്തെ എയര്‍ക്രാഫ്റ്റിലും 60 ടണ്‍ ഉത്പന്നങ്ങളുണ്ടായിരുന്നു. ഇതോടെ എയര്‍ലിഫ്റ്റ് ചെയ്ത ഉത്പന്നങ്ങള്‍ 120 ടണ്ണായി.
ഖത്തരി സഹായത്തില്‍ ഭക്ഷ്യവസ്തുക്കളും ആരോഗ്യ, പരിസ്ഥിതി, ശുചിത്വ മേഖലകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്നു. ആഗസ്ത് ആദ്യത്തിലാണ് സുഡാന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്.കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
ലഖ്‌വിയയുടെ ഖത്തരി സെര്‍ച്ച് ആന്റ് റെസ്‌ക്യു സംഘവും ഒപ്പമുണ്ട്. അഞ്ച് മില്ല്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ അടിയന്തര സഹായമെന്ന നിലയിലാണ് ഖത്തര്‍ വിമാനം അയച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സഹായവിതരണം സംബന്ധിച്ച കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് റെസ്‌ക്യൂ ആന്റ് റിലീഫ് വര്‍ക്‌സ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്റെ സ്റ്റാന്റിങ് കമ്മിറ്റിയാണ്.