in ,

സാംസ്‌കാരിക മേഖലയുടെ പ്രാധാന്യം അടയാളപ്പെടുത്തി ദോഹ സമ്മേളനം

ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന സാംസ്‌കാരിക വൈവിധ്യ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി പങ്കെടുത്തപ്പോള്‍

ദോഹ: ലോകം ഒരു ചെറിയ ആഗോളഗ്രാമമായി മാറുന്ന സമയത്ത് ആശയവിനിമയം, ധാരണ, പുരോഗതി എന്നിവക്കുള്ള പാലമെന്ന നിലയില്‍ സംസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി.

സാംസ്‌കാരിക വൈവിധ്യം എന്ന പ്രമേയത്തില്‍ ദോഹയില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രാലയം, ഏഷ്യന്‍ സഹകരണ സംവാദം(എസിഡി), സാംസ്‌കാരിക കായിക മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന സമ്മേളനത്തില്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രാധാന്യം, ജനങ്ങളെ അടുപ്പിക്കുന്നതില്‍ അവയുടെ പങ്ക് എന്നിവക്കായിരുന്നു ഊന്നല്‍.

സാങ്കേതിക വികസനം രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറച്ചതായും രാജ്യങ്ങള്‍ തമ്മിലുള്ള ചലനാത്മകത മുമ്പത്തേക്കാളും എളുപ്പമായിത്തീര്‍ന്നുവെന്നും സാംസ്‌കാരിക മന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌കാരങ്ങള്‍, വിവരങ്ങള്‍, ഭൗതിക സാംസ്‌കാരിക ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രസരണം പോലെതന്നെയാണ് രാജ്യങ്ങള്‍ക്കിടയിലെ ചലനാത്മകതയും സുഗമമായത്. ഡിജിറ്റല്‍ വിപ്ലവം പരിചയക്കാരുടെ വലയം കൂടുതല്‍ വിശാലമാക്കി.

ഇതു ജനങ്ങള്‍ തമ്മിലുള്ള സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദഗ്ദ്ധരും നയരൂപീകരണമേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് എസിഡി സെക്രട്ടറി ജനറല്‍ ബേണ്‍ഷായ് ദാനിവതാന്ന പറഞ്ഞു. ഏഷ്യയിലെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഏഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പര സാംസ്‌കാരിക സംഭാഷണത്തെ പിന്തുണക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സാംസ്‌കാരികവൈവിധ്യം ഉയര്‍ത്തിക്കാട്ടുന്നതിലും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാംസ്‌കാരികം- സംവാദത്തിന്റെയും പരസ്പര മനസിലാക്കലിന്റെയും പാലങ്ങള്‍ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പേപ്പര്‍ അവതരണങ്ങള്‍ എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച വിദദ്ധര്‍ ക്ലാസുകളെടുത്തു.

സാംസ്‌കാരിക വൈവിധ്യവും ഏഷ്യന്‍ സമൂഹത്തിലെ പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ചര്‍ച്ചയില്‍ മുന്‍ മലേഷ്യന്‍ വിദേശകാര്യമന്ത്രി താന്‍ സേരി സയ്യീദ് ഹാമിദ് അല്‍ബാര്‍, ഖത്തറിലെ താജിക്കിസ്താന്‍ അംബാസഡര്‍ ഖിസ്‌റവ് സോഹിബ്‌സോദ, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍റുമൈഹി പങ്കെടുത്തു.

സാംസ്‌കാരിക വൈവിധ്യത്തിലെ എഷ്യന്‍ രാജ്യങ്ങളുടെ അനുഭവം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജപ്പാന്‍, ഖത്തര്‍, ഒമാന്‍ രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ പങ്കെടുത്തു. ഡോ.മാജിദ് അല്‍അന്‍സാരി, ജാപ്പനീസ് അംബാസഡര്‍ സെയ്ചി ഒറ്റ്‌സുക എന്നിവര്‍ സംയുക്തമായി അധ്യക്ഷത വഹിച്ചു.

ഖത്തര്‍ മ്യൂസിയംസ് കള്‍ച്ചറല്‍ ഇയേഴ്‌സ് മേധാവി അയിഷ അല്‍അത്തിയ്യ സാംസ്‌കാരിക വൈവിധ്യത്തിലെ ഖത്തറിന്റെ അനുഭവത്തെക്കുറിച്ചുള്ള അവതരണത്തിനു നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഓസ്‌ട്രേലിയന്‍ അംബാസഡര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു

ഖത്തര്‍ ലോകകപ്പ് ലോഗോ ലോകമെമ്പാടും തല്‍സമയം പ്രദര്‍ശിപ്പിച്ചു