
ദോഹ: സാംസ്കാരിക വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വൈവിധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹം എന്ന നിലയില്‍ വലിയ സാധ്യതകളാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മുന്പില് തുറന്നു കിടക്കുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ഇന്ത്യന്‍ സാമൂഹ്യ സംഘടനകള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ഇന്ത്യന്‍ സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും അംബാസഡര്‍ നിര്‍ദ്ദേശിച്ചു. കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി ടി ഫൈസല്‍ (സി ഐ സി), സമീര്‍ ഏറാമല, ഹൈദര്‍ ചുങ്കത്തറ (ഇന്‍കാസ്), ഉമര്‍ ബാനിഷ് (സ്ംസ്കൃതി), അബൂബക്കര്‍ അല്‍ ഖാസിമി (കേരളസുന്നി സെന്റര്‍), ഖലീല്‍ എ പി (യൂണിറ്റി), ഷാനവാസ് (ഐ എഫ് എഫ്), മുഹ്സിന് പി (ഐ.സി.സി), അഷഹദ് ഫൈസി (ഫോക്കസ് ഖത്തര്‍), അഹമ്മദ് കുട്ടി മദനി സംസാരിച്ചു. ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും നസീര്‍ പാനൂര്‍ നന്ദിയും പറഞ്ഞു. മദീന ഖലീഫ നോര്‍ത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.