
ദോഹ: സാംസ്കാരിക വൈവിധ്യം എന്ന പ്രമേയത്തില്‍ മേഖലാ സമ്മേളനം ഇന്നും നാളെയുമായി(സെപ്തംബര്‍ രണ്ട്, മൂന്ന്) ദോഹയില്‍ നടക്കും. വിദേശകാര്യമന്ത്രാലയം, ഏഷ്യന്‍ സഹകരണ സംവാദം(എസിഡി), സാംസ്കാരിക കായിക മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം.
സാംസ്കാരിക വൈവിധ്യത്തിന്റെ പ്രാധാന്യം, ജനങ്ങളെ അടുപ്പിക്കുന്നതില്‍ അവയുടെ പങ്ക് എന്നിവക്കായിരിക്കും സമ്മേളനത്തില്‍ ഊന്നല്‍. സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലിയുടെ കാര്‍മികത്വത്തിലാണ് സമ്മേളനം. സാംസ്കാരികം- സംവാദത്തിന്റെയും പരസ്പര മനസിലാക്കലിന്റെയും പാലങ്ങള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പേപ്പര്‍ അവതരണങ്ങള്‍ എന്നിവ നടക്കും.

ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച വിദദ്ധര്‍ ക്ലാസുകളെടുക്കും. ഏഷ്യന്‍ സഹകരണ സംവാദത്തിന്റെ ഈ വര്‍ഷത്തെ അധ്യക്ഷ പദവി ഖത്തറിനാണ്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഇത്തരത്തില്‍ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ സാംസ്കാരിക വൈവിധ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും. എസിഡി സെക്രട്ടറി ജനറല്‍ പോന്ഞ്ചൈ ദന്വിവത്തന മുഖ്യ പ്രഭാഷണം നടത്തും. പാനല്‍ ചര്‍ച്ചകളും നടത്തും.
സാംസ്കാരിക വൈവിധ്യവും ഏഷ്യന്‍ സമൂഹത്തിലെ പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ചര്‍ച്ചയില്‍ മുന്‍ മലേഷ്യന്‍ വിദേശകാര്യമന്ത്രി താന്‍ സേരി സയ്യീദ് ഹാമിദ് അല്‍ബാര്‍, ഖത്തറിലെ താജിക്കിസ്താന്‍ അംബാസഡര്‍ ഖിസ്റവ് സോഹിബ്സോദ, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍റുമൈഹി പങ്കെടുക്കും.
സാംസ്കാരിക വൈവിധ്യത്തിലെ എഷ്യന്‍ രാജ്യങ്ങളുടെ അനുഭവം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജപ്പാന്, ഖത്തര്‍, ഒമാന്‍ രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ പങ്കെടുക്കും. ഡോ.മാജിദ് അല്‍അന്‍സാരി, ജാപ്പനീസ് അംബാസഡര്‍ സെയ്ചി ഒറ്റ്സുക എന്നിവര്‍ സംയുക്തമായി അധ്യക്ഷത വഹിക്കും.
ഖത്തര്‍ മ്യൂസിയംസ് കള്‍ച്ചറല്‍ ഇയേഴ്സ് മേധാവി അയിഷ അല്‍അത്തിയ്യ സാംസ്കാരിക വൈവിധ്യത്തിലെ ഖത്തറിന്റെ അനുഭവത്തെക്കുറിച്ചുള്ള അവതരണത്തിനു നേതൃത്വം നല്‍കും.
എസിഡിയുടെ അധ്യക്ഷപദവിയെന്ന നിലയില്‍ സുപ്രധാന പരിപാടിയാണ് ഈ സമ്മേളനമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള വകുപ്പിന്റെ ഡയറക്ടര്‍ ഖാലിദ് അല്‍ഹമര്‍ പറഞ്ഞു.
സാംസ്കാരിക കലവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സാംസ്കാരിക കായിക മന്ത്രാലയത്തിലെ സാംസ്കാരിക കലാ വകുപ്പ് ഡയറക്ടര്‍ ഹമദ് അല്സാകിബ പറഞ്ഞു.