in

സാമൂഹിക ബോധം ജുഡീഷ്യറിക്കും അനിവാര്യം: ഇ പി ജയരാജന്‍

കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ഇപി ജയരാജന്‍ സംസാരിക്കുന്നു

ദോഹ: വിമര്‍ശനത്തിന് ഏവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും കോടതികള്‍ നടത്തേണ്ടതെന്നും കേരളാ വ്യവസായ വാണിജ്യ സ്‌പോട്‌സ് മന്ത്രി ഇപി ജയരാജന്‍. കേരള ബിസിനസ് ഫോറം(കെബിഎഫ്) സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കോടതികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹിക ബോധം അത്യാവശ്യമാണ്. യാഥാര്‍ഥ്യത്തോട് പുറംതിരിഞ്ഞുള്ള വിമര്‍ശനങ്ങളെ ജനം തള്ളിക്കളയും. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് വിദേശ രാജ്യങ്ങളിലും മറ്റും സന്ദര്‍ശിക്കേണ്ടി വരും. നാടിന്റെ വികസനിത്തിനും വളര്‍ച്ചക്കും സഹായിക്കുന്ന ഇത്തരം യാത്രകളെ ആ രൂപത്തില്‍ കാണാന്‍ കഴിയണമെന്നും മന്ത്രിമാരുടെ വിദേശ യാത്രയെ ഹൈക്കോടതി വിമര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപി മറുപടി നല്‍കി.
വികസന പ്രവര്‍ത്തനത്തിന് ചെലവഴിക്കാന്‍ ആവശ്യത്തിന് പണം ഇല്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. പ്രവാസികളുടെ വിയര്‍പ്പാണ് ഇന്ന് കേരളത്തില്‍ കാണുന്ന ഒട്ടുമിക്ക വികസനങ്ങളുടെയും അടിത്തറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികളായ മലായികളെ കാണാനും അവരുടെ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാനുമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളെയും ടെക്‌നോളജി വിദഗ്ധരെയും കണ്ട് കേരളത്തിലേക്ക് അവരെ ക്ഷണിക്കുക കൂടിയാണ് ഇത്തരം സന്ദര്‍ശനങ്ങളുടെ ലക്ഷ്യം. പണം ഇല്ല എന്നത് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ട എന്ന് പറായന്‍ ആവില്ല. അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും പ്രവര്‍ത്തിക്കുകയും വേണം. കിഫ്ബിയുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത് ഇതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു.
മരട് വിഷയത്തില്‍ കോടതിയുടെ നിലപാട് എന്താണെന്ന് നാം എല്ലാവരും കണ്ടതാണ്. നിയമവിരുദ്ധമായി കെട്ടിടം പണിതുവെന്നത് ശരിയാണ്. പക്ഷെ ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ആ നിലപാടിനോട് എത്രയാള്‍ക്ക് യോജിക്കാന്‍ കഴിയും. അതുകൊണ്ടാണ് സാമൂഹിക ബോധം എല്ലാവര്‍ക്കും വേണമെന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചുവരുന്നവര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നിയമങ്ങളില്‍ ഇളവ് നല്‍കുന്നുണ്ട്. ഇപ്പോള്‍ എതു വ്യവസായവും ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. കേരളത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പല വിഷയങ്ങളിലും വിമര്‍ശനങ്ങളും പോരായ്മകളും ഉന്നയിക്കുന്നവരുണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം മുഖവിലക്കെടുത്ത് മുന്നോട്ട് പോകണം എന്നത് തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അതു നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കേരളാ നിയമ സഭക്ക് ഒരു പ്രമേയം പാസാക്കി കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ബി.ജെ.പി നേതാക്കളുടെയും പ്രസ്താവനകളോട് പ്രതികരിക്കാന്‍ താന്‍ തയ്യാറാകുന്നില്ല. ഒരു വിദേശ രാജ്യത്ത് വന്ന് സ്വന്തം രാജ്യത്തിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്കെതിരെ എന്തെങ്കിലും പറയുന്നത് ശരിയാണെന്ന് കരുതുന്നില്ല. കേരളത്തില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊല്ലുന്നുവെന്നും കേരളം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് അമിത്ഷാ പറയുന്നത്. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ബി.ജെ.പിയുടെ സമീപനം നമുക്കെല്ലാവര്‍ക്കും അറിയാം. പൗരത്വ ബില്ലിലുള്‍പ്പെടെ അവര്‍ എന്താണ് നടത്തികൊണ്ടിരിക്കുന്നത് എന്നും രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ പറയുന്നത് പോലെ നമുക്ക് പ്രതികരിക്കാനാവില്ല. ഉത്തരാവദപ്പെട്ട സ്ഥാനത്ത് ഇരുന്ന് ഇത്തരം കാര്യങ്ങള്‍ പറയാന്‍പറ്റുമോ എന്ന് അവരാണ് പരിശോധിക്കേണ്ടത്. രാഷ്ട്രീയകാരണങ്ങളാലും അല്ലാതെയും എല്ലാ സംസ്ഥാനത്തും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അത് കുറവാണ്. രാഷ്ട്രീയ അക്രമങ്ങളില്‍ എത്ര സിപിഎമ്മുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നത് ആരും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക ഡയരക്ടര്‍ സിവി റപ്പായി, കെബിഎഫ് പ്രിസഡണ്ട് കെആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ ഷാഫി, ജന്നി ആന്റണി, സാബിത് ശഹീര്‍, പ്രമോദ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദരിച്ചു

മിസൈമീര്‍ ഇന്റര്‍ചെയ്ഞ്ചിലെ രണ്ടാമത്തെ തുരങ്കപാത ഗതാഗതത്തിനായി തുറന്നു