
ദോഹ: ഖത്തര്‍ സായുധസേനയും യുഎസ് വ്യോമസേന സെന്‍ട്രല്‍ കമാന്‍ഡും കരാര്‍ ഒപ്പുവച്ചു. നാറ്റോക്ക് വേണ്ടിയുള്ള പ്രാമാണിക പ്രവര്‍ത്തന പ്രക്രിയ സംബന്ധിച്ച കരാറിലാണ് ഇരുകൂട്ടരും ഏര്‍പ്പെട്ടത്. അല്‍ഉദൈദ് എയര്‍ബേസിലെ കംബൈന്‍ഡ് എയര്‍ ഓപ്പറേഷന്‍സ് സെന്ററില്‍(സിഎഒസി) നടന്ന ചടങ്ങില്‍ ഖത്തറിന്റെ ഭാഗത്തുനിന്നും സായുധസേനയിലെ രാജ്യാന്തര സൈനിക സഹകരണ അതോറിറ്റി പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍അസീസ് സാലേഹ് അല്‍സുലൈത്തിയും അമേരിക്കന്‍ ഭാഗത്തുനിന്നു ഉദൈദ് എയര്‍ബേസിലെ 379-ാം എയര്‍ എക്‌സ്പഡീഷനറി വിങ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജാസണ്‍ അര്‍മഗോസ്റ്റുമാണ് കരാറില്‍ ഒപ്പുവച്ചത്.

പരിപാലനം, വിതരണം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍(പൈലറ്റ്) മുബാറക്ക് മുഹമ്മദ് അല്‍കുമൈത് അല്‍ഖയാറീന്‍, യുഎസ് വ്യോമസേന സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജോസഫ് ഗ്വസ്റ്റെല്ല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങ്.