Thursday, January 23

സാവി അല്‍സദ്ദ് വിട്ടേക്കുമെന്ന് സൂചന; ബാര്‍സയുമായി ചര്‍ച്ചകള്‍ നടക്കുന്നു

Spread the love
സാവി ഹെര്‍ണാണ്ടസ്‌

ദോഹ: സ്‌പെയിനിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ ക്ലബ്ബായ അല്‍സദ്ദിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. സ്പാനിഷ് ക്ലബ്ബായ ബാര്‍സലോണയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാവിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ബാര്‍സ താരം കൂടിയാണ് സാവി. നിലവിലെ പരിശീലകന്‍ എണസ്റ്റോ വാല്‍വര്‍ദെയില്‍ നിന്നും ചുമതലയെറ്റെടുക്കാന്‍ ബാര്‍സ സാവിയോടു ആവശ്യപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം ചര്‍ച്ചകളെ താന്‍ നിഷേധിക്കുന്നില്ലെന്നും സാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സാവി ഇതുവരെ അല്‍സദ്ദിലാണെന്ന് തനിക്ക് പറയാനാകുമെന്നും അല്‍സദ്ദിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ മുഹമ്മദ് ഗുലാം അല്‍ബലൂഷി പറഞ്ഞു. ബിഇന്നിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാവിയും ബാഴ്സലോണയും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം പോകാന്‍ തീരുമാനിക്കുന്നിടത്തെല്ലാം വിജയിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാവി ഒടുവില്‍ ബാഴ്‌സയിലേക്ക് മടങ്ങുമെന്ന് ക്ലബ്ബിന് അറിയാമെന്ന് അല്‍സദ്ദ് ജനറല്‍ മാനേജര്‍ തുര്‍ക്കി അല്‍അലി പറഞ്ഞു. സാവി ബാര്‍സലോണയിലേക്ക് പോകുന്നത് സാധാരണവും പ്രതീക്ഷിക്കുന്നതുമാണ്. കാരണം, അത് അദ്ദേഹത്തിന്റെ ആദ്യത്തെ വീടാണ്, ഭാവിയില്‍ അദ്ദേഹം അവിടെ തിരിച്ചെത്തണം. എന്നാല്‍ ഇന്നത്തെ കണക്കനുസരിച്ച് സാവി അല്‍ സാദിന്റെ പരിശീലകനാണ്- തുര്‍ക്കി അല്‍അലി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാതിരുന്ന സാവി പക്ഷെ അടുത്തിടെ ബാര്‍സലോണയുടെ ഫുട്‌ബോള്‍ ഡയറക്ടര്‍ എറിക് അബിദാലുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയ കാര്യം വ്യക്തമാക്കി. ഞാന്‍ അല്‍ സദ്ദിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അബിദാല്‍ എന്റെ സുഹൃത്താണ്, അദ്ദേഹത്തെ പല തവണ കണ്ടിട്ടുണ്ട്.അവര്‍ എന്നോട് സംസാരിക്കാന്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ പലതും ചര്‍ച്ചചെയ്തു- സാവി പറഞ്ഞു. ഫ്രഞ്ച് ദേശീയ താരവും ബാര്‍സ ഫോര്‍വേഡുമായ ഉസ്മാന്‍ ഡെംബെലെയുടെ ചികിത്സാര്‍ഥമാണ് അബിദാല്‍ ഖത്തറിലെത്തിയത്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ അറിയിക്കാന്‍ കഴിയില്ല. ബാര്‍സലോണയെ പരിശീലിപ്പിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്നത് മറക്കാന്‍ കഴിയില്ല, ഇക്കാര്യം പല തവണ പറഞ്ഞിട്ടുണ്ട്- സാവി പറഞ്ഞു. ഞാന്‍ ബാര്‍സലോണയെ ബഹുമാനിക്കുന്നു, വാല്‍വര്‍ദെയെ ബഹുമാനിക്കുന്നു, എന്റെ ക്ലബിനെ ബഹുമാനിക്കുന്നു, ഞാന്‍ ഇവിടെ എന്റെ ജോലി ചെയ്യുകയാണ്. ഞാന്‍ ഒരു പരിശീലകനായി തുടങ്ങിയപ്പോള്‍, അല്‍സദ്ദിനെയും ബാര്‍സയെയും മറ്റ് ടീമുകളെയും പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് തോന്നി, പക്ഷെ സമയമെപ്പോഴാണെന്ന് അറിയില്ല. എനിക്ക് ഇവിടെ ഒരു കരാര്‍ ഉണ്ട്, ഒരു സീസണ്‍ കൂടി. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം- സാവി പറഞ്ഞു.
2015ല്‍ കളിക്കാരാനായി അല്‍സദ്ദിലെത്തി സാവി പിന്നീട് ടീമിന്റെ മുഖ്യ പരിശീലകനാകുകയായിരുന്നു.