
ദോഹ: സിദ്രയില്‍ വേര്‍പെട്ട സയാമീസ് ഇരട്ടക്കുഞ്ഞുങ്ങള്‍ മാലിയില്‍ തങ്ങളുടെ ആദ്യ ജന്മദിനം ആഘോഷിച്ചു. കരളും മാറെല്ലും ഒട്ടിച്ചേര്‍ന്ന് പിറന്നുവീണ സയാമീസ് ഇരട്ടക്കുഞ്ഞുങ്ങളെ കഴിഞ്ഞവര്‍ഷമാണ് സിദ്ര മെഡിസിന് വിജയകരമായി വേര്‍പെടുത്തി ചരിത്രം സൃഷ്ടിച്ചത്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലി സ്വദേശികളായ ദമ്പതികളുടെ ഈ ഇരട്ടക്കുഞ്ഞുങ്ങള്‍ ഇന്നലെ മാലിയിലെ തങ്ങളുടെ വസതിയില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആദ്യ ജന്മദിനം ആഘോഷിച്ചു. ഖത്തറില്‍ ആദ്യമായാണ് സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് നാലു മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വേര്‍പെടുത്തിയത്. ഖത്തറിനോടും അമീറിനോടുമുള്ള സ്നേഹത്താല്‍ ഹമദെന്നും തമീമെന്നുമാണ് രണ്ടു കുഞ്ഞുങ്ങള്‍ക്കും പേരിട്ടിരിക്കുന്നത്.
മെയ് 25 ശനിയാഴ്ചയായിരുന്നു പിറന്നാള്‍ ദിനം. കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച ഖത്തറിനോടുള്ള സ്നേഹവും കടപ്പാടും ഒരിക്കലും മറക്കാനാവില്ലെന്ന് അവരുടെ മാതാപിതാക്കള്‍ പറയുന്നു. തമീമും ഹമദും മാലിയിലെ വസതിയില്‍ ആരോഗ്യത്തോടെ കളിച്ചുവളരുന്നു. സാധാരണയുള്ള സ്വതന്ത്രമായ ജീവിതം അവര്‍ ആസ്വദിക്കുകയാണ്- ദി പെനിന്‍സുല ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരട്ടക്കുഞ്ഞുങ്ങള്‍ നന്നായിരിക്കുന്നു. അവരുടെ ആരോഗ്യകരമായ സാഹചര്യങ്ങളും വളര്‍ച്ചയും തുടര്‍ച്ചയായി അന്വേഷിച്ചുവരുന്നുണ്ട്.
ഈ മനോഹരമായ കുഞ്ഞുങ്ങളോടുള്ള സ്നേഹവും ഇഷ്ടവും ഏറുകയാണ്. മാലിയിലെ വീട്ടില്‍വെച്ച് പകര്‍ത്തിയ ഇരുവരുടെയും ഫോട്ടോ അടുത്തിടെ കണ്ടിരുന്നു. ശരിക്കും നല്ല രീതിയില്‍, ആരോഗ്യകരമായി തന്നെ വളര്‍ന്നുവരുന്നു. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്ത ലീഡ് സര്ജന്മാരില് ഒരാള്‍ എന്ന നിലയില്‍ അത്യധികമായ ആഹ്ലാദവും അതിനപ്പുറമുള്ള വികാരവുമാണ് തനിക്കുള്ളത്- പീഡിയാട്രിക് സര്‍ജറി വകുപ്പ് ചെയര്‍ ഡോ. മന്‍സൂര്‍ അലി ദി പെനിന്‍സുലയോടു പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ സിദ്ര മെഡിസിനില്‍ നടന്നത്. ഈ ഫെബ്രുവരിയില്‍ അവര്‍ മാലിയിലേക്ക് മടങ്ങുകയായിരുന്നു. കുഞ്ഞുങ്ങളെ വേര്‍പെടുത്താന്‍ അല്ലാഹു ഏറ്റവും മികച്ച സ്ഥലത്തേക്ക് തങ്ങളെ അയയ്ക്കുകയായിരുന്നുവെന്ന് കുഞ്ഞുങ്ങളുടെ പിതാവ് ഔസ്മാനെ മുഹമ്മദ് മാലിയില്‍ നിന്നും ദി പെനിന്‍സുലയോടു പ്രതികരിച്ചു. പ്രതിസന്ധികളും സങ്കീര്‍ണതകളും ഏറെയുണ്ടായിരുന്നുവെങ്കിലും ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തിയാക്കാനായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സിദ്രമെഡിസിന്റെയും ടീമിന്റെയും സഹായത്തോടെ തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷിക്കുകയാണ്. അവരുടെ പ്രായത്തിലുള്ള മറ്റേതു കുട്ടികളെയുംപോലെ അവരും നല്ല ആരോഗ്യത്തോടെ സാധാരണജീവിതം നയിക്കുകയാണ്- പിതാവ് പറഞ്ഞു. പ്രസവ വേളയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ശസ്ത്രക്രിയവേളയില്‍ സിദ്ര മെഡിസിനും നല്കിയ ശ്രദ്ധയ്ക്കും പരിചരണത്തിനും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ശരീരങ്ങള്‍ യോജിച്ചനിലയിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വളരെ അപൂര്‍വ്വമാണ്.
2000,000 പ്രസവങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് ഇത് സംഭവിക്കാറുള്ളത്. ഏറ്റവും പ്രയാസമേറിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയകളിലൊന്നാണിത്. രണ്ടുകുഞ്ഞുങ്ങള്‍ക്കും പകുത്തുപയോഗിക്കാവുന്ന വിധത്തില്‍ കരളും ദഹനേന്ദ്രീയവ്യൂഹവുമുണ്ടെങ്കില് മാത്രമെ ശസ്ത്രക്രിയ സാധ്യമാകു. ഇത്തരത്തില്‍ ഒട്ടിച്ചേര്‍ന്നു ജനിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളില്‍ അധികവൈകല്യങ്ങളുണ്ടാവുകയാണെങ്കില് മരണം സംഭവിക്കാറാണ് പതിവ്.
കരളും ഉദരവും ഒട്ടിച്ചേര്‍ന്ന നിലയില്‍ പിറക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളെ(ഒംഫാലോഫാഗസ് ട്വിന്‍സ്) വേര്‍പിരിക്കുന്ന ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായതാണ്.ഏതു സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കും തങ്ങള്‍ സജ്ജമാണന്നതിന്റെ നല്ല ഉദാഹരണമാണിതെന്ന് സിദ്ര മെഡിസിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്ല അല്‍കാബി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും മികച്ച പരിചരണം സിദ്രയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സങ്കീര്‍ണമായ ശിശുരോഗചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും മേഖലയിലെ ഏറ്റവും പ്രധാന ചികിത്സാകേന്ദ്രമായി സിദ്രയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. മേഖലയില്‍ മുമ്പുണ്ടായിട്ടില്ലാത്ത സ്രോതസ്സുകളും പീഡിയാട്രിക് സര്‍ജിക്കല്‍ സേവനങ്ങളുമാണ് സിദ്ര നല്‍കുന്നത്.