in ,

സിദ്ര മെഡിസിനില്‍ പ്രഥമ പീഡിയാട്രിക് എന്‍ഡോസ്‌കോപ്പിക് മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരം

സിദ്ര മെഡിസിനിലെ ശസ്ത്രക്രിയാ വിദഗ്ദ്ധരായ ഡോ. ഇയാന്‍ പോപ്പിള്‍, ഡോ. ഖാലിദ് അല്‍ഖരാസി എന്നിവര്‍ ലീനിനെ നിരീക്ഷിക്കുന്നു. ശസ്ത്രക്രിയക്ക് രണ്ടുമാസത്തിനുശേഷം ലീന്‍

ദോഹ: ഹൈഡ്രോസെഫാലസ് രോഗാവസ്ഥയോടെ ജനിച്ച കുഞ്ഞിന് സിദ്ര മെഡിസിനില്‍ മിനിമലി ഇന്‍വാസീവ് കീഹോള്‍ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി നടത്തി. സിദ്രയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഖത്തറില്‍ ഇതാദ്യമായാണ് പീഡിയാട്രിക് എന്‍ഡോസ്‌കോപ്പിക് മസ്തിഷ്‌ക ശസ്ത്രക്രിയ നടക്കുന്നതെന്ന സവിശേഷതയുമുണ്ട്. തലച്ചോറില്‍ സെറിബ്രോസ്‌പൈനല്‍ ദ്രാവകം നിറയുന്ന രോഗാവസ്ഥയാണ് ഹൈഡ്രോസെഫാലസ്.

ആഗോളതലത്തില്‍ ആയിരം നവജാതശിശുക്കളില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളിലാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. തലയോട്ടിക്കു മുകളിലുള്ള മൃദുവായ സ്‌പോട്ടുള്ള കുഞ്ഞുങ്ങളിലാണ് ഈ അവസ്ഥ പ്രകടനമാകുന്നത്. തലയുടെ അസാധാരണമായ വര്‍ധനവിനുമിടയാക്കുന്നു. ഉറക്കംതൂങ്ങല്‍, പതിവായ ഛര്‍ദി തുടങ്ങിയവയാണ് അധികലക്ഷണങ്ങള്‍.

രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ചുറ്റുപാടുകളില്‍ താല്‍പര്യക്കുറവ് അനുഭവപ്പെടും. അവരുടെ കണ്ണുകള്‍ താഴേക്ക് തിരിയുകയും അവരുടെ ചലനങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഹൈഡ്രോസെഫാലസ് രോഗാവസ്ഥയുള്ള കുഞ്ഞുങ്ങളെ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ വൈകല്യങ്ങള്‍ക്കിടയാക്കിയേക്കാം.

മരണം വരെ സംഭവിച്ചേക്കാം. നേരത്തെ തിരിച്ചറിയുകയും മസ്തിഷ്‌ക ശസ്ത്രക്രിയയിലൂടെയുള്ള ചികിത്സയും ഭൂരിഭാഗം കുഞ്ഞുങ്ങളെയും ആരോഗ്യകരവും പൂര്‍ണവുമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നു. സിദ്ര മെഡിസിനില്‍ ലീന്‍ എന്ന പെണ്‍കുഞ്ഞിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയത്.

ലീന് അഞ്ചാഴ്ച പ്രായമുള്ളപ്പോഴാണ് പതിവായി നടത്തുന്ന നവജാത ശിശു പരിശോധനയ്ക്കിടെയാണ് അവളുടെ തലയുടെ ചുറ്റളവ് അതിവേഗം വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിനെ നിരീക്ഷിച്ച പ്രാഥമികാരോഗ്യ സംരക്ഷണ ശിശുവിദഗ്ദ്ധനാണ് ഇക്കാര്യം ശ്രദ്ധിച്ചത്. താമസിയാതെ കുഞ്ഞിന്റെ മസ്തിഷ്‌കം സാധാരണ വലുപ്പത്തെ മറികടന്നു.

പ്രായവളര്‍ച്ചാ വികാസത്തിലെ കാലതാമസവും കാഴ്ചാ ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടു. ലീനിനെ ഉടന്‍തന്നെ സിദ്ര മെഡിസിന്റെ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഹൈഡ്രോസെഫാലസ് സ്ഥിരീകരിക്കുകയും മസ്തിഷ്‌ക ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

ശസ്ത്രക്രിയാ വിദഗ്ദ്ധരായ ഡോ. ഇയാന്‍ പോപ്പിള്‍, ഡോ. ഖാലിദ് അല്‍ഖരാസി എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. മിക്ക ഹൈഡ്രോസെഫാലസ് രോഗികളെയും തലച്ചോറില്‍ ഒരു ഷണ്ട് സിസ്റ്റം സ്ഥാപിച്ചാണ് ചികിത്സിക്കുന്നത്. ധാരാളം പേരും കുട്ടികളും ഷണ്ട് സംവിധാനത്തോടെ ജീവിക്കുന്നുണ്ട്. എന്നാല്‍ ചില കുട്ടികള്‍ക്ക് ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങളുണ്ട്.

എന്നിരുന്നാലും ലീനിന്റെ കാര്യത്തില്‍ ശിശുക്കളില്‍ മാത്രം പ്രായോഗികമായ ഒരുതരം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്‍ഡോസ്‌കോപിക് തേര്‍ഡ് വെന്‍ട്രിക്കുലോസ്റ്റമി ആന്റ് കോറോയിഡ് പ്ലെക്‌സസ് കതീറ്ററൈസേഷന്‍ ശസ്ത്രക്രിയാണ് നടത്താനൊരുങ്ങിയത്.

അസാധാരണമായ അമിതമായ മസ്തിഷ്‌ക ദ്രാവകത്തിന്റെ ഉത്പാദനം കുറക്കുകയും തലയിലെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തിന് ബൈപാസ് സൃഷ്ടിക്കുകയും അതുവഴി ആജീവനാന്ത ഷണ്ടിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്ന മിനിമലി ഇന്‍വാസീവ് ശസ്ത്രക്രിയാ രീതിയാണിത്.

ലീനില്‍ നടത്തിയ സംയോജിത ശസ്ത്രക്രിയാ ശ്രമം ഖത്തറിലും ജീസിസിയിലും ആദ്യത്തേതായിരുന്നു- സിദ്ര മെഡിസിന്‍ ന്യൂറോസര്‍ജറി ഡിവിഷന്‍ ചീഫ് ഡോ.ഇയാന്‍ പോപ്പിള്‍ പറഞ്ഞു. ഏപ്രില്‍ 29ന് നടത്തിയ ശസ്ത്രക്രിയ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. ലീനിന്റെ തലയോട്ടിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ വഴക്കമുള്ള നേര്‍ത്ത എന്‍ഡോസ്‌കോപ് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ.

ഒരാഴ്ചക്കുശേഷം ലീനിനെ ഡിസ്ചാര്‍ജ് ചെയ്തു. ശസ്ത്രക്രിയാനന്തര പരിചരണത്തിന്റെ ഭാഗമായി സിദ്ര മെഡിസിന്‍ ന്യൂറോ സര്‍ജിക്കല്‍ ടീം ലീനിനെ സന്ദര്‍ശിക്കുകയും അവളുടെ ശാരീരികവും മാനസികവുമായ വികാസം നിരീക്ഷിക്കുകയും ചെയ്തിരുന്നു.

സിദ്ര മെഡിസിനില്‍ കുഞ്ഞിനു മികച്ച പരിചരണവും ചികിത്സയുമാണ് ലഭിച്ചതെന്ന് പിതാവ് ഹസന്‍ പറഞ്ഞു. ശസ്ത്രക്രിയക്കു മുമ്പായി കാനഡയിലെ ഏറ്റവും വലിയ കുട്ടികളുടെ ആസ്പത്രികളിലൊന്നില്‍ വിദഗ്‌ദ്ധോപദേശം തേടിയപ്പോള്‍ സിദ്ര മെഡിസിന്‍ തയാറാക്കിയ ലീനിന്റെ ശസ്ത്രക്രിയാപദ്ധതി മികച്ചതാണെന്നും മികച്ച സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും ഉറപ്പുലഭിച്ചു.

ആ ഉറപ്പ് സിദ്രയിലെ ചികിത്സയിലും പരിചരണത്തിലും പ്രതിഫലിച്ചതായി ഹസന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രം തുറന്നു

ഐസിസി ടി20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യ റീജിയണില്‍ ഖത്തര്‍ രണ്ടാമത്