in , , , ,

സിദ്ര മെഡിസിനില്‍ വനിതകള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിനില്‍ ഈ വര്‍ഷം വനിതകള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ തുടങ്ങും. ഈ വര്‍ഷം ആദ്യപാദത്തില്‍ അത്യാധുനിക ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐവിഎഫ്) സൗകര്യം ആരംഭിക്കും. പുതിയ ഡീലക്‌സ് റൂമുകളും സ്യൂട്ടുകളും ഉള്‍ക്കൊള്ളുന്ന വിപുലീകരിച്ച പ്രസവാനന്തര യൂണിറ്റ് തുറക്കും. പ്രസവചികിത്സ, ഗൈനക്കോളജി സേവനങ്ങള്‍ക്കായി ഒപി സായാഹ്ന ക്ലിനിക്കുകള്‍ തുടങ്ങും. സെര്‍വിക്കല്‍ സ്‌ക്രീനിങിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
2018ല്‍ പ്രധാന ആസ്പത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയശേഷം സിദ്ര മെഡിസിനിലെ വനിതാ സേവനങ്ങളില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്ല അല്‍ കഅബി പറഞ്ഞു. പ്രസവചികിത്സ, ഗൈനക്കോളജി, മറ്റേണല്‍0 ഫാറ്റല്‍ മെഡിസിന്‍ എന്നിവ ഉള്‍പ്പടെ പ്രത്യുല്‍പാദന, മാതൃ ശിശു ആരോഗ്യം എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഉടന്‍ തുറക്കുന്ന പുതിയ ഡീലക്‌സ് മെറ്റേണിറ്റി റൂമുകളിലും സ്യൂട്ടുകളിലും അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്യൂട്ടുകളില്‍ പ്രത്യേക കണക്ടിങ് റിസപ്ഷന്‍ റൂമുണ്ടാകും. വനിതകളെയും അവരുടെ ആവശ്യങ്ങളെയും തിരഞ്ഞെടുപ്പുകളെയും മനസ്സില്‍ വച്ചുകൊണ്ടാണ് മള്‍ട്ടി ഡിസിപ്ലിനറി സമീപനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സിദ്ര മെഡിസിന്‍ വനിതാ സേവനങ്ങളുടെ ചുമതലയുള്ള ആക്ടിംഗ് ചെയര്‍ ഡോ. മൈക്കല്‍ മഖ്ലൂഫ് പറഞ്ഞു. ഫെബ്രുവരിയില്‍ സെര്‍വിക്കല്‍ സ്‌ക്രീനിംഗ് ക്ലിനിക്ക് തുറക്കും. അസാധാരണതകള്‍ കണ്ടെത്താനും ചികിത്സയുടെ ആവശ്യകത തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) മൂലം സെര്‍വിക്‌സിലുണ്ടാകുന്ന സെല്‍ മാറ്റങ്ങള്‍ പരിശോധിക്കുന്ന പാപ്പ് ടെസ്റ്റുകളും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. സിദ്ര മെഡിസിന്‍ ഐവിഎഫ് ചികിത്സാ സൗകര്യം ഈ വര്‍ഷം ആദ്യ പാദത്തില്‍ തുറക്കും. കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാര്‍, ഭ്രൂണശാസ്ത്രജ്ഞര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പെട്ട വൈവിധ്യമാര്‍ന്ന ടീം ക്ലിനിക്കിന് നേതൃത്വം നല്‍കും. ഒരൊറ്റ സ്ഥലത്ത് പരിചരണത്തിന്റെ സമഗ്രമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതാണ് ഈ സൗകര്യം.
ഇന്‍-ഹൗസ് പ്രത്യുത്പാദന ശസ്ത്രക്രിയ, മറ്റേണല്‍-ഫേറ്റല്‍ മെഡിസിന്‍, പ്രസവചികിത്സ, ഗൈനക്കോളജി സേവനങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകും. ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമുള്ള ഐവിഎഫ് സൗകര്യം ദമ്പതികള്‍ക്ക് മാനസിക പിന്തുണ ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐവിഎഫ് ലബോറട്ടറി റീപ്രൊഡക്ടീവ് മെഡിസിന്‍ മാനേജര്‍ യാസര്‍ അല്‍ദജാനി പറഞ്ഞു.

വനിതകള്‍ക്കായി വേദന
ചികിത്സാ ക്ലിനിക്ക് തുറന്നു

ദോഹ: സിദ്ര മെഡിസിനില്‍ വനിതാ സേവന വിപുലീകരണ പദ്ധതിയുടെ ഭാഗമായി വേദന സംഹാര ക്ലിനിക്ക് തുറന്നു. മരുന്നുകള്‍, നാഡി ബ്ലോക്കുകള്‍, സജീവമായ ഫിസിക്കല്‍ തെറാപ്പി, പെരുമാറ്റ ഇടപെടലുകള്‍ എന്നിവയിലൂടെ സ്ത്രീകളിലെ വിട്ടുമാറാത്ത വേദനക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക്. പോസ്റ്റ് സിസേറിയന്‍/ഓപ്പറേറ്റീവ് വേദന, പെല്‍വിക് വേദന, കാല്‍മുട്ട്, തോളില്‍ അല്ലെങ്കില്‍ കഴുത്ത് വേദന, തലവേദന തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള വിട്ടുമാറാത്ത വേദനകള്‍ക്കും സമഗ്രമായ ചികിത്സാപരിചരണം ക്ലിനിക്കില്‍ ലഭ്യമാക്കും. സ്ത്രീകളിലെ ഏറ്റവും സാധാരണമായ പെല്‍വിക് വേദനയ്ക്ക് പ്രത്യേക പരിചരണം നല്‍കുന്ന ഖത്തറിലെ ആദ്യത്തെ ക്ലിനിക്കാണിത്. സ്ത്രീകളില്‍ വിട്ടുമാറാത്ത വേദന ചികിത്സിക്കുന്നതിനായി സമഗ്രമായ സമീപനമാണ് ക്ലിനിക്ക് സ്വീകരിക്കുന്നത്. രാജ്യാന്തരതലത്തില്‍ പരിശീലനം ലഭിച്ച പെയിന്‍ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെട്ട ടീമാണ് വിമന്‍സ് അഡള്‍ട്ട് പെയിന്‍ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിദ്ര മെഡിസിനിലെ അനസ്തേഷ്യോളജി വിഭാഗം ഡിവിഷന്‍ ചീഫ് ഡോ. മോണ്‍സര്‍ സാഡെക് പറഞ്ഞു.
സ്ത്രീകള്‍ക്ക് അനുകമ്പയും മികച്ച പരിചരണവും നല്‍കാനുള്ള സിദ്ര മെഡിസിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പുതിയ മുതിര്‍ന്നവര്‍ക്കുള്ള വേദന ക്ലിനിക്. രോഗികളുടെ വേദനയുടെ കാരണം നിര്‍ണ്ണയിക്കാന്‍ ശ്രദ്ധാപൂര്‍വ്വവും സമഗ്രവുമായ വിലയിരുത്തലുകള്‍ നടത്തും. ഓരോ രോഗിയുടെയും വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണമാണ് ക്ലിനിക്ക് ലഭ്യമാക്കുന്നത്. ഗൈഡഡ് എക്‌സ്-റേയിലൂടെ കുത്തിവെയ്ക്കല്‍, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ഫിസിയോതെറാപ്പി, അള്‍ട്രാസൗണ്ട്, വിപുലമായ വേദന തടസ്സപ്പെടുത്തല്‍ വിദ്യകള്‍ എന്നിവ ചികിത്സാ പരിപാടിയില്‍ ഉള്‍പ്പെടുന്നു. എപ്പിഡ്യൂറല്‍ കുത്തിവയ്പ്പിലൂടെ മോര്‍ഫിന്‍ നല്‍കുന്ന മേഖലയിലെ ഏക കേന്ദ്രമാണ് സിദ്ര മെഡിസിന്‍. മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വേദനയുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. പ്രത്യുല്‍പാദന പ്രായത്തിലുള്ള മൂന്നിലൊന്ന് സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള വേദനയ്ക്ക് വിധേയരാകുന്നുവെന്നാണ് പഠനങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൂപ്പര്‍ പെട്രോള്‍ വിലയില്‍ കുറവ്, ഡീസല്‍ വില വര്‍ധിച്ചു

ഇസ്ലാഹി സെന്റര്‍ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു