
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിനില്‍ ഖത്തറിലെ ആദ്യ പീഡിയാട്രിക് സ്ലീപ് ലബോറട്ടറി തുറന്നു. കുട്ടികളിലെയും യുവജനങ്ങളിലെയും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ലബോറട്ടറ സജ്ജമാക്കിയിരിക്കുന്നത്.
ഈ ലാബില്‍ ആറു റൂമുകളുണ്ട്. ഇത്തരത്തിലുള്ള ഖത്തറിലെ ഏറ്റവും വലിയ ലാബാണിത്. രോഗിയെ നേരിട്ടു നിരീക്ഷിക്കാന്‍ സഹായകമായ വീഡിയോ, ഇന്‍ഫ്രാറെഡ് മോണിറ്ററിങ് ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ലാബില്‍ ക്രമീകരിച്ചിരിക്കുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സ്ലീപ് ലാബ് കൃത്യമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യും.
വായു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വലിയ ടോണ്‍സിലുകള്‍, അഡിനോയിഡുകള്‍ ഉള്‍പ്പടെയുള്ള അവസ്ഥകള്‍ എന്നിവ കാരണമായുണ്ടാകുന്ന സ്ലീപ് അപ്നിയ, മറ്റു ഉറക്കവുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവയെല്ലാം ലാബ് പഠിക്കും.
സിദ്രയിലെ പള്‍മണോളജി വകുപ്പാണ് നിലവില്‍ ലാബിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. ഉറക്കപ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് സാധാരണയായി അടിസ്ഥാനരോഗങ്ങളോ അവസ്ഥകളോ ഉണ്ടാകാറുണ്ടെന്ന് പള്‍മണോളജി ഡിവിഷന് ചീഫ് പ്രൊഫ. ഇബ്രാഹിം ജനാഹി പറഞ്ഞു.
പലപ്പോഴും ഈ പ്രശ്നങ്ങള്‍ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാകാം. എന്നാല്‍ അഡിനോയിഡുകള്‍, വലിയ ടോണ്‍സിലുകള്‍ എന്നിവ പോലുള്ള ലളിതമായ അവസ്ഥകളും കൊച്ചുകുട്ടികളില്‍ ഉറക്ക പ്രശ്നങ്ങള്‍ക്കിടയാക്കാം. എന്നാല്‍ ഇതു പലപ്പോഴും അവഗണിക്കപ്പെടുകയാണ്.
രോഗികളെ നിരീക്ഷണത്തിനായി റഫര്‍ ചെയ്യുന്ന പള്‍മണോളജി, ഇഎന്‍ടി, ന്യൂറോളജി തുടങ്ങിയ വകുപ്പുകളുമായി ലാബ് സഹകരിച്ച് പ്രവര്‍ത്തിക്കും. ഡോക്ടറുടെ ശുപാര്‍ശ ആശ്രയിച്ച് രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓരോ കുട്ടിയുടെയും ആരോഗ്യാവസ്ഥയ്ക്ക് അനുസൃതമായിട്ടായിരിക്കും ഉറക്കം സംബന്ധിച്ച പഠനം ക്രമീകരിക്കുക.
എല്ലാ സമയത്തും കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് കുട്ടിയുടെ ചലനങ്ങള്‍ വീഡിയോയിലൂടെ റെക്കോര്‍ഡ് ചെയ്യുമെന്നും പ്രൊഫ. ജനാഹി പറഞ്ഞു.
കുട്ടികളെ കഴിയുന്നത്ര സുഖപ്രദമാക്കുന്നതിന് അനുയോജ്യമായ വിധത്തിലാണ് സ്ലീപ്പ് ലാബുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് സ്ലീപ് ലാബ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന മാറഫിയ പറഞ്ഞു. കുട്ടികള്‍ക്ക് വീട്ടില്‍ സ്വന്തം കിടക്കയില്‍ ഉറങ്ങാന്‍ പോകുന്നതുപോലെയുള്ള അന്തരീക്ഷമാണ് ഇവിടെ പ്രദാനം ചെയ്യുന്നത്.
കുട്ടികളെ വിശ്രമിക്കുന്നതിനും ഉറങ്ങുന്നതിനും സഹായിക്കുന്നതിന് ഹൃദ്യവും ശിശുകേന്ദ്രീകൃതവുമായ പരിചരണം നല്‍കുന്നതിന് തങ്ങളുടെ ടീം ചൈല്‍ഡ് ലൈഫ് പ്രൊഫഷണലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഥയോ കളിപ്പാട്ടമോ കൊണ്ട് കുട്ടികളുടെ പ്രിയരാത്രിസമയം ആസ്വാദ്യമാക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികള്‍ ലാബില്‍ താമസിക്കുന്ന സമയത്ത് മാതാപിതാക്കള്‍ സജീവപങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാത്രിസമയങ്ങളില്‍ മാതാപിതാക്കളിലൊരാളെ താമസിക്കാന്‍ അനുവദിക്കും. ലാബില്‍ നിരീക്ഷണത്തിനായി വനിതാ സാങ്കേതിക വിദഗ്ദ്ധരുണ്ടാകും.