
ദോഹ: തുര്‍ക്കിഷ് അതിര്‍ത്തിയില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ ചാരിറ്റി നിര്‍മിക്കുന്ന മാതൃകാ വില്ലേജ് 400 കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകും. 60ലക്ഷത്തിലധികം റിയാല്‍ ചെലവഴിച്ച് നിര്‍മിക്കുന്ന മാതൃകാ വില്ലേജില്‍ 400 പാര്‍പ്പിട യൂണിറ്റുകളുണ്ടാകും. ഒരു യൂണിറ്റിന് 50സ്‌ക്വയര്‍മീറ്ററാണ് വിസ്തീര്‍ണം. ഒരു പള്ളി, മെഡിക്കല്‍ സെന്റര്‍, രണ്ടു നിലകളിലായി സ്‌കൂള്‍, ഷോപ്പുകള്‍, ഭരണനിര്‍വഹണ കെട്ടിടം, കിണര്‍, വിവിധോദ്ദേശ്യ ഹാള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
സിറിയയില്‍ ഖത്തര്‍ ചാരിറ്റി മാതൃകാ വില്ലേജുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സിറിയന്‍ജനതയ്ക്ക് പാര്‍പ്പിടസൗകര്യവും മറ്റു സേവനങ്ങളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 800ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം 2000ത്തോളം ജനങ്ങള്‍ക്ക് ആരോഗ്യപരിചരണവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് അതിര്‍ത്തി കേന്ദ്രങ്ങളിലുള്‍പ്പടെ വില്ലേജുകള്‍ സ്ഥാപിക്കുന്നത്.സിറിയന്‍ പ്രതിസന്ധി തുടങ്ങിയശേഷം ഇതുവരെയായി പതിനൊന്ന് മാതൃകാ നഗരങ്ങളാണ് ഖത്തര്‍ ചാരിറ്റി നിര്‍മിച്ചത്. 5492 പാര്‍പ്പിടയൂണിറ്റുകള്‍ ഇതുവരെ സജ്ജമാക്കി. മറ്റു ഭവനപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സിറിയന്‍ നഗര, ഗ്രാമ മേഖലകളിലായി പുനരധിവസിപ്പിക്കപ്പെട്ട ആയിരക്കണക്കിന് പേര്‍ക്കായി നിരവധി വീടുകളാണ് റിലീഫ് ഹൗസിങ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കിയത്. 2013 മുതല്‍ ഇതുവരെയായി 96.5 മില്യണ്‍ റിയാല്‍ ചെലവഴിച്ച് നിരവധി വില്ലേജുകളും നഗരങ്ങളുമാണ് സിറിയയില്‍ ഖത്തര്‍ ചാരിറ്റി സ്ഥാപിച്ചത്. ഖത്തറിലെ കാരുണ്യമനസ്‌കരുടെ സംഭാവനകളാണ് പദ്ധതികള്‍ക്കായി ചെലവഴിച്ചത്. പ്രീ ഫാബ്രിക്കേറ്റഡ്- കോണ്‍ക്രീറ്റ് വീടുകള്‍ ഉള്‍പ്പെട്ട നഗരങ്ങളും വില്ലേജുകളും സിറിയയില്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കിയിട്ടുണ്ട്. വിവിധ വില്ലേജുകളിലായി 5968 പ്രീ- ഫാബ്രിക്കേറ്റഡ് ഹൗസിങ് യൂണിറ്റുകളാണ് സജ്ജമാക്കിയത്. 5968 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ചില വില്ലേജുകളില്‍ സ്‌കൂളുകളും ഹെല്‍ത്ത് ക്ലിനിക്കുകളും സ്ഥാപിച്ചിട്ടുണ്ട്. 1000 പ്രീ ഫാബ്രിക്കേറ്റഡ് ഹൗസിങ് യൂണിറ്റുകള്‍ അടങ്ങിയ പത്ത് റസിഡന്‍ഷ്യല്‍ വില്ലേജുകള്‍ ഉള്‍പ്പെട്ട അല്‍റയ്യാന്‍ ഹ്യുമാനിറ്റേറിയന്‍ നഗരമാണ് പദ്ധതികളില്‍ പ്രധാനം. 6000 പുനരധിവസിപ്പിക്കപ്പെട്ട ജനങ്ങള്‍ക്കാണ് ഇതിലൂടെ താമസസൗകര്യം ലഭ്യമായത്. ഹെല്‍ത്ത് ക്ലിനിക്ക്, 30 ക്ലാസ് റൂമുകളോടെ സ്‌കൂള്‍, പള്ളി, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വടക്കന്‍ സിറിയയിലെ അലെപ്പോ ഗവര്‍ണറേറ്റിലെ അസാസ് ജില്ലയില്‍ 300 പ്രീ-ഫാബ്രിക്കേറ്റഡ് പാര്‍പ്പിട യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
1800 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സ്‌കൂളും പള്ളിയും കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഇവിടെയുമുണ്ട്. വാദി ദീയ്ഫിലെ റസിഡന്‍ഷ്യല്‍ നഗരത്തില്‍ 400 കോണ്‍ക്രീറ്റ് ഹൗസിങ് യൂണിറ്റുകള്‍ ഉള്‍പ്പെട്ട റസിഡന്‍ഷ്യല്‍ നഗരവും സജ്ജമാക്കി. 2400 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം. ആലെപ്പോ, ഇദ്‌ലിബ് ഗവര്‍ണറേറ്റുകളില്‍ രജിസ്‌റ്റേഡ് ക്യാമ്പുകളില്‍ 796 പ്രീ ഫാബ്രിക്കേറ്റഡ് ഹൗസിങ് യൂണിറ്റുകളും നിര്‍മിച്ചു. 4776 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.