
ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സിറ്റിസ്‌കേപ്പില്‍ ബര്‍വ അവതരിപ്പിച്ച പദ്ധതികള്‍ സന്ദര്‍ശകശ്രദ്ധ നേടി. തൊഴില്‍, വ്യാവസായിക, റസിഡന്‍ഷ്യല്‍ മേഖലകളിലെ നിരവധി സുപ്രധാനപദ്ധതികളാണ് ബര്‍വയുടെ പവലിയനില്‍ അവതരിപ്പിച്ചതെന്ന് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ജിനിയര്‍ ഇസ്സ ബിന്‍ മുഹമ്മദ് അല്‍മുഹന്നദി പറഞ്ഞു. പ്രാദേശിക സംസ്‌കാരവും പരിസ്ഥിതിയും പ്രചോദനം ഉള്‍ക്കൊണ്ട വീടുകളുടെ നിര്‍മാണം ബര്‍വയുടെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
പൗരന്‍മാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാര്‍പ്പിട പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി സര്‍ക്കാരുമായും ഖത്തര്‍ വികസന ബാങ്കുമായും ഏകോപിപ്പിക്കുന്നുണ്ട്. ബര്‍വയുടെ അല്‍ബറാഹ ഉള്‍പ്പടെയുള്ള പദ്ധതികള്‍, വെയര്‍ഹൗസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിപണി ആവശ്യകത നിറവേറ്റുന്നതിനും ലക്ഷ്യമിട്ടാണെന്നും അല്‍മുഹന്നദി വിശദീകരിച്ചു. ലുസൈല്‍ സിറ്റിയില്‍ നടപ്പാക്കുന്ന ദാര എ പദ്ധതിയും സിറ്റിസ്‌കേപ്പില്‍ അവതരിപ്പിച്ചു. സിറ്റിസ്‌കേപ്പില്‍ എസ്ദാന്‍ ഹോള്‍ഡിങിന്റെ പവലിയന്‍ ശ്രദ്ധേയമായി. യുഎസ്, ഇന്ത്യന്‍ നിക്ഷേപകര്‍ കഴിഞ്ഞദിവസം പവലിയന്‍ സന്ദര്‍ശിച്ചു. എസ്ദാന്റെ റിയല്‍എസ്റ്റേറ്റ്, വാണിജ്യ, ഹോട്ടല്‍ പദ്ധതികളാണ് പവലിയനില്‍ അവതരിപ്പിച്ചത്.