
ദോഹ: രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര വസ്തുക്കച്ചവട വികസന, നിക്ഷേപക പരിപാടിയായ സിറ്റിസ്കേപ് ഖത്തര്‍ 2019ന് ഒക്ടോബറില്‍ തുടക്കമാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററിലാണ് സമ്മേളനവും പ്രദര്‍ശനവും നടക്കുന്നത്.
ഒക്ടോബര്‍ 22 മുതല്‍ 24വരെയാണ് സമ്മേളനവും പ്രദര്‍ശനവും. വിവിധ രാജ്യങ്ങളില്‍ നിന്നായി 50ലധികം പ്രദര്‍ശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഖത്തറിലേയും ആഗോള തലത്തിലുമുള്ള വ്യവസായ വിദഗ്ധര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും സ്വകാര്യ സംരഭകര്ക്കുമെല്ലാം വലിയ വസ്തുക്കച്ചവട അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇത് എട്ടാം വര്‍ഷമാണ് സിറ്റിസ്കേപ്പ് നടത്തുന്നത്. ഖത്തറിനു പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകര്‍ പങ്കെടുക്കും. ഗാര്‍ഹിക, ഹോസ്പിറ്റാലിറ്റി, വാണിജ്യ, ചില്ലറ വ്യാപാര മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ സാധ്യതകള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും സിറ്റിസ്കേപ്പ്.
ഇലാന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സിറ്റിസ്കേപ്പ് സംഘടിപ്പിക്കുന്നത്. ഖത്തര്‍ റെയില്‍, കത്താറ ഹോസ്പിറ്റാലിറ്റി, മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തരി ദിയാര്‍, ക്യുഎന്‍ബി, ജസറ്റ് റിയല്‍എസ്റ്റേറ്റ്, അമാര്‍ സിറ്റി, ക്യുഐഎംസി, ഇദാര, ഫ്ളോറന്‍സ് റിസോര്‍ട്ട് ആന്റ് സ്യൂട്ട്സ്, ഓറല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് എന്‍ജിനിയറിങ് എന്നിവയുള്‍പ്പടെയുള്ളവ സിറ്റിസ്കേപ്പില്‍ സാന്നിധ്യമറിയിക്കും.
ഒമാന്‍, കുവൈത്ത്, തുര്‍ക്കി, യുകെ, സ്വിറ്റ്സര്‍ലന്റ്, ടുണീഷ്യന്‍ പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. റിയല്‍എസ്റ്റേറ്റ് മേഖലയിലെ നിലവിലെ സാഹചര്യങ്ങളും മാറ്റങ്ങളും സംബന്ധിച്ച ആഴത്തിലുള്ള വിലയിരുത്തലുകളിലും ചര്‍ച്ചകളിലും കമ്പനികള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളുടെ പങ്കാളിത്തവുമുണ്ടാകും.
ഖത്തറിലെ സുപ്രധാനപദ്ധതികള്‍ സിറ്റിസ്കേപ്പില്‍ ചര്‍ച്ച ചെയ്യുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. ഒട്ടനവധി പദ്ധതികള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. വന്‍കിട ആഡംബര പദ്ധതികളുടെ മാതൃകകള്‍ അവതരിപ്പിക്കും.
പദ്ധതികളില്‍ നിക്ഷേപത്തിനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. സിറ്റിസ്കേപ്പ് ഖത്തര്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് സിറ്റിസ്കേപ്പ് ഖത്തര്‍ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശന നഗരിയില്തന്നെയാണ് ഇവ രണ്ടും അരങ്ങേറുക.വ്യവസായ മേഖലയിലെ പ്രൊഫഷണലുകളെയും സ്വകാര്യ നിക്ഷേപകരെയും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍.
200ലധികം പ്രതിനിധികളുടെ പങ്കാളിത്തമുണ്ടാകും. സമാന താല്പര്യമുള്ള വിഷയങ്ങളിലും പദ്ധതികളിലും പര്സപരം ചര്‍ച്ച ചെയ്യുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും ഇതിലൂടെ സാധിക്കും. 2012 ലാണ് ഖത്തറിലാദ്യമായി സിറ്റിസ്കേപ്പ് സംഘടിപ്പിച്ചത്. ഖത്തറിന്റെ റിയല്‍എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുന്നതായിരിക്കും സിറ്റിസ്കേപ്പ്.
ഈ മേഖലയിലെ നൂതനമായ അവസരങ്ങളും സാധ്യതകളും മനസിലാക്കുന്നതിനും നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പ്രദര്‍ശനം സഹായിക്കും. രാജ്യത്തെ പ്രമുഖ കമ്പനികള്‍ തങ്ങളുടെ പദ്ധതികള്‍ അവതരിപ്പിക്കും.
ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ ഭാഗമായുള്ള ഖത്തര്‍ റെയില്‍ പദ്ധതി ഉള്‍പ്പടെയുള്ളവ, ഹോട്ടലുകള്‍, 2022ലെ ഫിഫ ലോകകപ്പിനായി വികസിപ്പിക്കുന്ന അത്യാധുനിക സ്റ്റേഡിയങ്ങള്‍ എന്നിവയുടെ പുരോഗതിയും പ്രാധാന്യവുമെല്ലാം ചര്‍ച്ചയാകും.
ഖത്തറിലെ അടിസ്ഥാന സൗകര്യവികസന പദ്ധിതകളുടെ പ്രദര്‍ശനവും സിറ്റിസ്കേപ്പിലുണ്ടാകും. ഖത്തറിന്റെ ഭാവിയിലെയും 2022 ഫിഫ ലോകകപ്പിനോടും അനുബന്ധിച്ചുള്ള അവസരങ്ങള്‍ മനസിലാക്കുന്നതിന് പ്രദര്‍ശനം സഹായിക്കും.