
ദോഹ: രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര വസ്തുക്കച്ചവട വികസന, നിക്ഷേപക പരിപാടിയായ സിറ്റിസ്‌കേപ് ഖത്തര്‍ 2019ന് മികച്ച പ്രതികരണം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് സമ്മേളനവും പ്രദര്‍ശനവും തുടരുന്നത്.
ഒക്ടോബര്‍ 24വരെ നടക്കുന്ന പ്രദര്‍ശനം വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിയാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 50ലധികം പ്രദര്‍ശകരുടെ പങ്കാളിത്തമാണ് ഇത്തവണയുള്ളത്. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ അസാധാരണമായ പദ്ധതികളും റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ അവസരങ്ങളും വെളിപ്പെടുത്തുന്ന സിറ്റിസ്‌കേപ്പ് ഖത്തറിന്റെ എട്ടാം പതിപ്പ് ഉ്ദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപകരുടെ താല്‍പര്യം ആകര്‍ഷിക്കുന്നതിനായി മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ തമ്മിലുള്ള മത്സര വേദിയെയാണ് പ്രദര്‍ശനം പ്രതിനിധീകരിക്കുന്നത്. പ്രദര്‍ശനത്തിലെ ടുണീഷ്യയുടെ ആദ്യ പങ്കാളിത്തത്തെ മന്ത്രി സ്വാഗതം ചെയ്തു. പ്രത്യേക ദേശീയപവലയിലനാണ് ടുണീഷ്യ ഒരുക്കിയിരിക്കുന്നത്.
ഖത്തരി റിയല്‍ എസ്റ്റേറ്റ് വിപണി നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നടപ്പ് വര്‍ഷത്തില്‍ കൂടുതല്‍ മത്സര വിലകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഉയര്‍ന്ന നിലവാരമുള്ള റിയല്‍ എസ്റ്റേറ്റ് അന്വേഷിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ആദ്യപാദത്തില്‍ ഇടപാടുകളുടെ മൂല്യത്തില്‍ 20ശതമാനത്തിന്റെ വാര്‍ഷികവര്‍ധനവുണ്ടായി.
ആദ്യപാദത്തില്‍ റസിഡന്‍ഷ്യല്‍ റിയല്‍എസ്റ്റേറ്റ് വിതരണം 293,000 യൂണിറ്റിലേക്കെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വിതരണം ചെയ്തതോടെയാണിത്. ഈ വര്‍ഷം 10,000 പുതിയ യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതില്‍ 67ശതമാനവും പേള്‍, ലുസൈല്‍ മേഖലകളിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഖതൈഫാന്‍ ദ്വീപ് നോര്‍ത്ത് പ്രോജക്റ്റ്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ വിപുലീകരണ പദ്ധതി, മറ്റ് പ്രധാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമുള്ള പുതിയ പദ്ധതികള്‍ മന്ത്രി എടുത്തുപറഞ്ഞു.