
ദോഹ: ആഗോള യുവജനശാക്തീകരണത്തിനായുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് സിലാടെകും മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷനും ധാരണയായി. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സര്‍ക്കാരിതര സാമൂഹ്യ വികസന സംഘടനയാണ് സിലാടെക്. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും അനുസൃതമായി ആഗോളയുവജന ശാക്തീകരണത്തിനായുള്ള സംരംഭങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനുള്ള പങ്കാളിത്തത്തില്‍ സഹകരിക്കാനാണ് ഇരുകൂട്ടരും ധാരണയായത്.
സിലാടെക് സിഇഒ സബാഹ് അല്ഹയ്ദൂസ് മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തി. യുവജനങ്ങളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര മനുഷ്യാവകാശ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും അനുസൃതമായി യുവജനങ്ങള്‍ക്ക് യോജിക്കുന്ന മാന്യമായ ജോലിയിലേക്കും ജീവിതത്തിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഇരുവരും ധാരണയായി. യുവജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ ആഗോളകാരണങ്ങള്ക്കായി വാദിക്കുന്നതിനുമായി പരിപാടികളും പദ്ധതികളും നടപ്പാക്കിക്കൊണ്ടാണ് ഇവയെല്ലാം യാഥാര്‍ഥ്യമാക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷനുമായി തന്ത്രപരവും മൂല്യവത്താതയകുമായ പങ്കാളിത്തത്തിലേര്പ്പെടാനായതില് സന്തോഷമുണ്ടെന്ന് സിലാടെക് സിഇഒ സബാഹ് അല്ഹൈദൂസ് പറഞ്ഞു. ആഗോള മനുഷ്യാവകാശ വ്യവസ്ഥയുടെ വെളിച്ചത്തില്‍ യുവജനശാക്തീകരണം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സംയോജിത ചട്ടക്കൂടും പങ്കാളിത്തവും അവതരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.
ഈ ചട്ടക്കൂട് യുവജനങ്ങളും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും യുവജനങ്ങളെ ബാധിക്കുന്ന വിശാലമായ പ്രശ്നങ്ങളില്‍ പരിപാടികളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സിലാടെക് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 16 രാജ്യങ്ങളിലായി പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സര്‍ക്കാര്‍, സര്‍ക്കാരിതര പങ്കാളികളുമായി സഹകരിച്ചാണ് ഇത്തരമൊരു നേട്ടം സാധ്യമാക്കിയത്. ദാരിദ്ര്യത്തെ പ്രതിരോധിക്കല്‍, ലിഗംസമത്വം, മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കല്‍ എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്നു. വിടവുകള്‍ നികത്തുന്നതിനാണ് സിലാടെക് ശ്രമിക്കുന്നത്, വിദ്യാഭ്യാസത്തിനൊപ്പം തൊഴില്ലഭ്യമാക്കുന്നതിനും ഊന്നല്‍ നല്കുന്നു. 300ലധികം മേഖലാ, രാജ്യാന്തര പങ്കാളികളുമായി സിലാടെക് സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.
സുപ്രധാന രാജ്യാന്തര സംഘടനകള്‍, യൂറോപ്യന്‍ യൂണിയന്, ലോകബാങ്ക്, യുഎന്‍, യുഎന്‍ ഏജന്‍സികള്‍(രാജ്യാന്തര തൊഴില്‍ സംഘടന, തീവ്രവാദപ്രതിരോധകേന്ദ്രം, അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍, യുഎന്‍ വുമണ്‍, യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം), അക്കാഡമിക് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായതായിനൊപ്പം യുവജനങ്ങളെ ശാക്തീകരിക്കാനും സിലാടെകിന് കഴിഞ്ഞു. വ്യവസായ സംരംഭകത്വവികസനത്തിനാണ് സിലാടെക് വലിയ പ്രാധാന്യം നല്‍കുന്നത്.