in ,

സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ക്ക് മികച്ച പരിചരണവുമായി എച്ച്എംസി

ഡോ. മോന അലന്‍ഗാവി

ദോഹ: സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ലഭ്യമാക്കുന്നത് മികച്ച ആരോഗ്യ പരിചരണം. കഫവര്‍ധനവു മൂലമുണ്ടാകുന്ന ഈ പാരമ്പര്യരോഗം ശ്വാസകോശത്തിലും മറ്റു ആന്തരികാവയവങ്ങളിലും വേദനയും മറ്റു അസ്വസ്ഥതകളും നല്‍കുന്നു. ഈ രോഗാവസ്ഥ പലപ്പോഴും അതികഠിനമാണ്.

പാന്‍ക്രിയാസ്, കരള്‍, കുടല്‍ എന്നിവയുള്‍പ്പടെ ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും തകര്‍ക്കുന്ന ജീവന് ഭീഷണിയാകുന്ന പാരമ്പര്യരോഗമാണിത്. ജനിതകരോഗമായ സിസ്റ്റിക് ഫൈബ്രോസിസുള്ള ഖത്തറിലെ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം ആഗോളനിലവാരത്തിന് തുല്യമാണ്.

എച്ച്എംസി ലഭ്യമാക്കുന്ന വിപുലവും അത്യാധുനികവുമായ പരിചരണവും ചികിത്സാരീതികളുമാണ് ഇതിനു കാരണം. സിസ്റ്റിക് ഫൈബ്രോസിസുള്ള വ്യക്തികള്‍ക്ക് എച്ച്എംസി ഏറ്റവും അത്യാധുനികമായ മരുന്നുകളും ചികിത്സാരീതികളുമാണ് ലഭ്യമാക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസിന് ദൈനംദിന പരിചരണം അത്യാവശ്യമാണെങ്കിലും ഈ അവസ്ഥയിലുള്ളവര്‍ക്ക് സാധാരണയായി സ്‌കൂളിലും ജോലിസ്ഥലത്തുമെല്ലാം പങ്കെടുക്കാന്‍ സാധിക്കും.

കൂടാതെ മുന്‍പത്തെ ദശകങ്ങളിലെ സിസ്റ്റിക് ഫൈബ്രോസിസ് രോഗികളെ അപേക്ഷിച്ച് മികച്ച ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇപ്പോഴുള്ളവര്‍- എച്ച്എംസിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മനറി ഡോ. മോന അലന്‍ഗാവി പറഞ്ഞു. നേരത്തെയുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തും. അതുകൊണ്ടുതന്നെ സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളവരുടെ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ നാല്‍പ്പതിനും അന്‍പത് വയസിനുമിടയിലാണ്.

ഖത്തറില്‍ സിസ്റ്റിക് ഫൈബ്രോസിസ് അപൂര്‍വ രോഗമല്ല. ഈ അവസ്ഥയില്‍ 77 രോഗികളാണ് ചികിത്സ തേടുന്നത്. ഇതില്‍ 62 പേരും ഖത്തരികളാണ്. 45 പേരും പതിനെട്ട് വയസില്‍ താഴെയുള്ളവരാണ്. ഒരേ കുടുംബത്തില്‍ ചേര്‍ന്ന അതല്ലെങ്കില്‍ രക്തബന്ധമുള്ള വിവാഹങ്ങളാണ് ഖത്തറില്‍ സിസ്റ്റിക് ഫൈബ്രോസിസിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

മാതാവും പിതാവും സിസ്റ്റിക് ഫൈബ്രോസിസ് ജീനിന്റെ ക്യാരിയറാണെങ്കില്‍ ഓരോ ഗര്‍ഭാവസ്ഥയിലും കുട്ടിക്ക് രോഗബാധയുണ്ടാകാന്‍ 25ശതമാനം സാധ്യതയും രോഗമുണ്ടാകാന്‍ 25ശതമാനം സാധ്യതയും ആരോഗ്യമുള്ള കുഞ്ഞുണ്ടാകാന്‍ 50ശതമാനവും സാധ്യതയുണ്ട്. വിവാഹത്തിനുമുമ്പുള്ള പരിശോധനയ്ക്ക് വിധേയരായവര്‍ ജനിതക ഉപദേഷ്ടാക്കള്‍ നല്‍കുന്ന ഉപദേശങ്ങള്‍ പാലിക്കണമെന്ന് ഡോ. മോന അലന്‍ഗാവി നിര്‍ദേശിച്ചു.

സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളവരുടെ വിയര്‍പ്പില്‍ സാധാരണയുള്ളവരുടേതിനേക്കാള്‍ ഉപ്പിന്റെ അംശം കൂടുതലാണ്. ഈ രോഗാവസ്ഥയുടെ മറ്റു അടയാളങ്ങളും ലക്ഷണങ്ങളും ശ്വസന, ദഹന വ്യവസ്ഥകളെയാണ് ബാധിക്കുന്നത്.

സിസ്റ്റിക് ഫൈബ്രോസിസിന് ചികിത്സയൊന്നുമില്ല. പക്ഷെ ചികിത്സയിലൂടെ രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും സങ്കീര്‍ണകള്‍ കുറയ്ക്കുന്നതിനും സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍ സ്ഥാപിക്കുന്നു

ദോഹ ഡിബേറ്റ്‌സിന്റെ സംവാദം ജൂലൈ 24ന് എഡിന്‍ബര്‍ഗില്‍