
ദോഹ: രാജ്യത്തെ സൈബര്‍ സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ സിസ്കോ ഇന്റര്‍നാഷണലുമായി ഖത്തര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പുവെച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷാ സെന്റര്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സുരക്ഷാ സമിതി, ഖത്തര്‍ ഫിനാന്‍സ് ആന്റ് ബിസിനസ് അക്കാഡമി എന്നിവയാണ് സിസ്കോയുമായി കരാറിലേര്‍പ്പെട്ടത്.
സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണവും പരിശീലനവും ഉറപ്പു വരുത്തുന്നതാണ് കരാര്‍. പൊതു സുരക്ഷാ ഡയരക്ടര്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ്് ലെഗസി സുരക്ഷാ സമിതി ഉപ മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ അല്‍താനി, ഖത്തര്‍ ഫിനാന്സ്് ബിസിനസ് അക്കഡമി ഡയരക്ടര്‍ ഡോ. ഖാലിദ് അല്‍ഹൂര്‍, സിസ്കോ ജനറല്‍ മാനേജര്‍ ഷിന് ഹെറാറ്റി തുടങ്ങിയവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ ഇലക്ട്രോണിക് ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തെ സൈബര്‍ സുരക്ഷ ശക്തമാകേണ്ടതുണ്ടെന്ന് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി എടുത്തു പറഞ്ഞു. സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍, പ്രത്യേകിച്ച് സൈബര്‍ സുരക്ഷാ മേഖലയില്‍ അതിവിദഗ്ധരായ ആളുകള്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷാ കേന്ദ്രം അസിസ്റ്റന്റ് ഡയരക്ടര്‍ മേജര്‍ ഉസ്മാന് സാലിം അല്‍ഹമൂദ് പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതുമായി ഐടി കമ്പനികളിലൊന്നാണ് സിസ്കോ ഇന്റര്‍നാഷണല്‍.