in ,

സീബര്‍ഗ് എല്‍എന്‍ജി ടെര്‍മിനലില്‍ പ്രകൃതി വാതകം ഇറക്കല്‍: ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവച്ചു

ബ്രസല്‍സില്‍ ഫ്‌ലക്‌സീസ് ബെല്‍ജയവുമായി ഖത്തര്‍ പെട്രോളിയം(ക്യുപി) ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ നിന്ന്

ദോഹ: പ്രകൃതി വാതക ഗതാഗത രംഗത്തെ മുന്‍നിര ബെല്‍ജിയം കമ്പനിയായ ഫ്‌ലക്‌സീസ് ബെല്‍ജയവുമായി ഖത്തര്‍ പെട്രോളിയം(ക്യുപി) ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു. സീബര്‍ഗ് എല്‍എന്‍ജി ടെര്‍മിനലില്‍ പ്രകൃതി വാതകം ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍.

2044 വരെയാണ് കരാര്‍ കാലാവധി. അതുവരെ സീബര്‍ഗ് ടെര്‍മിനലിന്റെ ആകെ ശേഷിക്ക് അനുസരിച്ചുള്ള പ്രകൃതി വാതകകൈമാറ്റം ക്യുപിയുടെ ഉപകമ്പനിയായ ഖത്തര്‍ ടെര്‍മിനല്‍ ലിമിറ്റഡ്(ക്യുടിഎല്‍) നിര്‍വഹിക്കും.

ബെല്‍ജിയം ടെര്‍മിനലിന്റെ 50 ശതമാനം ശേഷിയിലും ഖത്തര്‍ പ്രകൃതി വാതകം സംഭരിക്കാവുന്ന തരത്തിലുള്ള ദീര്‍ഘകാല കരാറാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സിഇഒയും പ്രസിഡന്റുമായ സാദ് ഷെരീദ അല്‍കഅബിയും ഫ്‌ലക്‌സീസ് ബെല്‍ജിയം സിഇഒയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനുമായ പാസ്‌കല്‍ ഡി ബക്കുമാണ് കരാറില്‍ ഒപ്പുവച്ചത്.

ഫ്‌ലക്‌സീസ് ബെല്‍ജിയവുമായുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രകൃതിവാതക മേഖലയിലെ ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതാണ് ഈ ദീര്‍ഘകാല കരാര്‍. ഇതില്‍ ഒപ്പുവെക്കാനായതില്‍ അഭിമാനമുണ്ടെന്ന് സാദ് ഷെരീദ അല്‍കഅബി പറഞ്ഞു.

കരാര്‍ മുഖേന ബെല്‍ജിയത്തിലെയും യൂറോപ്പില്‍ മൊത്തത്തിലുമുള്ള പങ്കാളിത്ത പ്രകൃതിവാതക കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും വിശ്വസിക്കാവുന്ന എല്‍എന്‍ജി കൂടുതല്‍ സൗകര്യപ്രദമായി ആവശ്യാനുസരണം ലഭിക്കും. ഖത്തറിന്റെ എല്‍എന്‍ജി ഈ മേഖലയില്‍ കൂടുതല്‍ സൗകര്യത്തില്‍ ലഭ്യമാകും.

സുപ്രധാനമായ വാതക വിപണിയായ യൂറോപ്പിലെ പ്രകൃതി വാതക ടെര്‍മിനലുകളില്‍ നേരത്തെ തന്നെ ഖത്തര്‍ പെട്രോളിയം നിക്ഷേപം ഇറക്കിയിട്ടുണ്ട്. ക്യുപിയുടെ വിതരണശൃഖലയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായിക്കൂടിയാണിത്. യൂറോപ്യന്‍ യൂണിയന്റെ ഊര്‍ജകാര്യ നയങ്ങളെ പിന്തുണക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യൂറോപ്പിലേക്ക് പ്രകൃതി വാതകം ആവശ്യമായ അളവില്‍ ലഭ്യമാക്കുമെന്നും കഅബി പറഞ്ഞു.

കരാര്‍ മുഖേന സീബര്‍ഗ് ടെര്‍മിനല്‍ യൂറോപ്പിലെ ഏറ്റവും മികച്ച വാണിജ്യകാര്യടെര്‍മിനല്‍ എന്ന രൂപത്തില്‍ മല്‍സരയോഗ്യമാകുന്ന അവസ്ഥയിലേക്ക് ഉയരും. അതിനനുസൃതമായ വ്യവസ്ഥകളാണ് കരാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ടെമര്‍മിനലിന്റെ പ്രകൃതിവാതക ശേഷി ഉയരാനും കരാറിലൂടെ സാധിക്കും. ഖത്തറും ബെല്‍ജയവും തമ്മിലുള്ള പുതിയ കരാര്‍ പ്രകൃതിവാതക കൈമാറ്റരംഗത്ത് വന്‍വികസനം സാധ്യമാക്കുമെന്ന് മന്ത്രി ക്രിസ്റ്റീന്‍ മാര്‍ഗിം പറഞ്ഞു. വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുള്ള ദീര്‍ഘകാല കരാറുള്ള ഏക വാതക ഉത്പാദക രാജ്യമാണ് ഖത്തറെന്നും മന്ത്രി പറഞ്ഞു.

ഫ്‌ലക്‌സീസിനെ സംബന്ധിച്ചേടത്തോളം സുപ്രധാനമായ ദിനമാണിതെന്നും സീബര്‍ഗ് ടെര്‍മിനലിന്റെ എല്ലാ നിലക്കുമുള്ള വികസനത്തിനും കരാര്‍ ഉപകരിക്കുമെന്നും ഫ്‌ലക്‌സീസ് ബെല്‍ജിയം സിഇഒയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനുമായ പാസ്‌കല്‍ ഡി ബക്കു പറഞ്ഞു.

ബ്രസല്‍സിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫിയും ഖത്തര്‍ പെട്രോളിയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2022 ലോകകപ്പ് യോഗ്യത: ഖത്തര്‍- അഫ്ഗാനിസ്താന്‍ മത്സരം ഇന്ന്

കായികതാരങ്ങളെ വരവേല്‍ക്കാന്‍ അത്‌ലറ്റിക്‌സ് വില്ലേജ് സജ്ജമാകുന്നു