
ദോഹ: നാലു സുപ്രധാന മലിനജല പമ്പിങ് സ്റ്റേഷനുകളുടെ പുനര്‍നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൊതുമരാമത്ത് അതോറ്റി അശ്ഗാലാണ് നവീകരണത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യത്തിന്റെ മലിനജല നിര്‍മാര്‍ജന, സംസ്‌കരണശേഷി വര്‍ധിപ്പിക്കുകയും സീവേജ് നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുകയുമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും മികച്ച രാജ്യാന്തര മാനദണ്ഡങ്ങളുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍മാണം. ന്യൂ സലാത, അല്‍മന്‍സൂറ, അല്‍മെസ്സില, അല്‍റയ്യാന്‍ എന്നീ നാലു സ്ഥലങ്ങളിലാണ് പമ്പിങ് സ്റ്റേഷനുകള്‍. ഇവയുടെ ശേഷി 62 ശതമാനത്തില്‍ നിന്നും 211ശതമാനമായി ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലകളിലെ നിലവിലെയും ഭാവിയിലെയും മലിന ജല ഒഴുക്കിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നു.
ഭാവിയിലെ വികസനവും ജനസംഖ്യാ വളര്‍ച്ചയും മുന്നില്‍ക്കണ്ടാണ് അശ്ഗാല്‍ നവീകരണ- പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. പമ്പിങ് സ്റ്റേഷനുകളുടെ പ്രകടനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതികസംവിധാനങ്ങളും ഇതിന്റെ ഭാഗമായി പ്രാവര്‍ത്തികമാക്കുന്നു. സ്റ്റേഷന്റെ ടെലിമെട്രി സിസ്റ്റം ഉള്‍പ്പടെ നിയന്ത്രണ സംവിധാനങ്ങള്‍(കണ്‍ട്രോള്‍ സിസ്റ്റംസ്) നവീകരിക്കും. ഫയര്‍ അലാറവും സപ്രഷന്‍ സിസ്റ്റവും മെച്ചപ്പെടുത്തും.
മൂന്നു പ്രധാന പമ്പിങ് സ്റ്റേഷനുകളുടെ ശേഷിയില്‍ വലിയതോതിലുള്ള വര്‍ധനവുണ്ടാകും. മലിജലം കൂടുതലായി ഉള്‍ക്കൊള്ളാനും പമ്പ് ചെയ്യാനുമുള്ള ശേഷിയുണ്ടാകും. അശ്ഗാലിലെ ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക്‌സ് പ്രൊജക്റ്റ് വകുപ്പിലെ എന്‍ജിനിയര്‍ അലി അല്‍അന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂ സലാത പമ്പിങ് സ്റ്റേഷന്റെ ശേഷിയില്‍ ഏകദേശം 62ശതമാനം വര്‍ധനവുണ്ടാകും. നിലവില്‍ പ്രതിദിനം 5300 ക്യുബിക് മീറ്റര്‍ മലിനജലമാണ് പമ്പ് ചെയ്യുന്നത്.
നവീകരണത്തോടെ പ്രതിദിനശേഷി ഏകദേശം 8600 ക്യുബിക് മീറ്ററായി ഉയരും. അല്‍മെസ്സില സ്റ്റേഷന്റെ ശേഷി 211ശതമാനം വര്‍ധിക്കും. നിലവിലെ പ്രതിദിന പമ്പിങ് 4500 ക്യുബിക് മീറ്ററെന്നത് 14,000 ക്യുബിക് മീറ്ററായി വര്‍ധിക്കും. അല്‍റയ്യാന്‍ പമ്പിങ് സ്റ്റേഷന്റെ ശേഷിയില്‍ 161 ശതമാനം വര്‍ധനവുണ്ടാകും. നിലവിലെ പമ്പിങ് ശേഷി 1800 ക്യുബിക് മീറ്ററാണ്. ഇത് 4700 ക്യുബിക് മീറ്ററായി ഉയരും.

അല്‍മന്‍സൂറയിലെ നാലാമത്തെ സ്റ്റേഷനില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം പുതിയ ഔട്ട്‌ഡോര്‍ കണ്‍ട്രോള്‍ യൂണിറ്റ് നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. റാസ് അബുഅബൗദ് പമ്പിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി പകരം പുതിയ ഗ്രാവിറ്റി സ്വിവര്‍ ലൈന്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കോണ്‍ട്രാക്റ്റിങ് സര്‍വീസസ് ആന്റ് ട്രേഡിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
2021ന്റെ രണ്ടാംപാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക നിര്‍മാതാക്കളെ പിന്തുണയ്ക്കുന്നതില്‍ അശ്ഗാലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി മെയ്ഡ് ഇന്‍ ഖത്തര്‍ ഉല്‍പ്പന്നങ്ങളാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ്, റീഇന്‍ഫോഴ്‌സ് സ്റ്റീല്‍, പ്രീകാസ്റ്റ് മാന്‍ഹോള്‍, ജിആര്‍പി, ഡക്റ്റ്‌സ്, പൈപ്പുകള്‍, കോണ്‍ക്രീറ്റ് പൈപ്പുകള്‍ എന്നിവയെല്ലാം ഖത്തര്‍ നിര്‍മിതമാണ്. പരിസ്ഥിതി പരിപാലനം കൂടി ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്.