
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങളുടെയും ധൂപങ്ങളുടെയും വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് പ്രാദേശിക അറബിപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.
അറബ് ധൂപങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവക്കുപുറമെ ഉന്നതനിലവാരത്തിലുള്ള കംബോഡിയന്‍, ഇന്ത്യന്‍, മലേഷ്യന്‍ ഊദ് എന്നിവയും ഖത്തരികള്‍ ധാരാളമായി വാങ്ങുന്നുണ്ട്.
രാജ്യത്തെ മാളുകളിലും സൂഖുകളിലും ഇവയുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഈദ് ആഘോഷങ്ങളുടെ മുന്നോടിയായി ഷോപ്പുകളില്‍ നല്ല തിരക്കുണ്ടെന്നും വില്‍പ്പന വര്‍ധിച്ചിട്ടുണ്ടെന്നും ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രതികരിച്ചു.
ഉപഭോക്താക്കളില്‍ ഏറ്റവുമധികം ആവശ്യകതയുള്ള ഇനങ്ങളുടെയും ബ്രാന്‍ഡുകളുടെയും ലഭ്യത ഷോപ്പുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ ഊദ് കിലോക്ക മൂന്നു ലക്ഷം റിയാലാണ് വില. മലേഷ്യന്‍ ഊദിന് കിലോക്ക് ഒരു ലക്ഷം റിയാലാണ് വില. മറ്റു ഓയില്‍ പെര്‍ഫ്യൂമുകള്‍ക്ക് കിലോക്ക് ഏകദേശം 1.20ലക്ഷം റിയാലാണ് വില.

ഈ സുഗന്ധദ്രവ്യങ്ങളുടെയും ധൂപവര്ഗങ്ങളുടെയും ഒരു ചെറിയ അളവുകൊണ്ടുതന്നെ ആവശ്യമായ സുഗന്ധം നല്കുമെന്നതിനാല് ചില്ലറ വില്‍പ്പന പലപ്പോഴും ചെറിയ അളവിലായിരിക്കും. ചെറിയ ബോട്ടിലുകളില്‍ ഗ്രാം അളവിലായിരിക്കും വില്‍പ്പന.
സാധാരണയായി കുടുംബങ്ങളുടെ ഒത്തുചേരലിലും മറ്റു വീടുകളും റിസപ്ഷന് ലോഞ്ചുകളും(മജ്ലിസ്) സുഗന്ധപൂരിതമാക്കുന്നതിനും പെര്‍ഫ്യൂം ഉപയോഗിക്കുന്നുണ്ട്. ഈദ് അവധിക്കുമുന്നോടിയായി തന്റെ സുഗന്ധദ്രവ്യ ഷോപ്പില്‍ വില്‍പ്പനയില്‍ ഏകദേശം 80ശതമാനം വര്‍ധനവുണ്ടായതായി ഷോപ്പുടമ ജാബിര്‍ അല്‍ഖഹ്താനി പറഞ്ഞു.
വിവിധഇനങ്ങളിലുള്ള ഊദിന്റെ പത്തു ഗ്രാമിന് അന്‍പത് റിയാല്‍ മുതല്‍ 200 റിയാല്‍വരെയാണ് വില. ഊദ് വേര്‍തിരിച്ചെടുക്കുന്ന മരങ്ങള്‍ ഉറവിട രാജ്യങ്ങളില്‍ അപൂര്വമായിക്കൊണ്ടിരിക്കുന്നതിനാല് വിതരണത്തില്‍ കുറവുണ്ടാകുന്നുണ്ട്.
അതുകൊണ്ടുതന്നെ അടുത്തിടെയായി ഊദിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. ജിസിസി വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ധൂപം ശ്രീലങ്കന്‍ ഊദ് ആണ്. വര്‍ധിച്ച ആവശ്യകത കാരണം ശ്രീലങ്കന്‍ ഊദിന് പത്തു ഗ്രാമിന് 300 മുതല്‍ 400 റിയാല്‍വരെയാണ് വില. ദൈനംദിന ഉപയോഗത്തിനായി ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്നത് അറബി മിശ്രിതങ്ങളായ സുഗന്ധദ്രവ്യങ്ങളും ധൂപവര്ഗങ്ങളുമാണെന്ന് മറ്റൊരു പെര്ഫ്യൂംഷോപ്പ് ഉടമ സമ്യ അല്മിഖ്ലഫി പറഞ്ഞു.
ന്യായമായ വിലക്കാണ് ഇവ വില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈദ് അവധിദിനങ്ങള്‍ക്കു മുന്നോടിയായി ഊദിന്റെയും പരമ്പരാഗത പെര്‍ഫ്യൂമുകളുടെയും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകണമെന്നും ചില ഉപഭോക്താക്കള്‍ പ്രതികരിച്ചു.
സാധാരണ സമയങ്ങളില്‍ 150 റിയാലിന് വാങ്ങിയിരുന്ന പത്ത് ഗ്രാമിന് തിരക്കേറിയ ഈദ് സമയങ്ങളില്‍ 300 റിയാല്വരെയായി വില ഉയരാറുണ്ടെന്ന് സഊദ് അല്‍അന്‍സി എന്ന ഉപഭോക്താവ് ചൂണ്ടിക്കാട്ടി.