
ദോഹ: സുഡാനില്‍ അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ഓഫീസ് വീണ്ടും തുറക്കാന്‍ അനുമതി. മെയ് മാസത്തിലായിരുന്നു ഖാര്‍ത്തൂമിലെ അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസ് വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചതായി ചാനല്‍ ഡയറക്ടര്‍ പറഞ്ഞു.
സുഡാന്‍ കവര്‍ ചെയ്യുന്നതിനുള്ള തങ്ങളുടെ ജോലി പുനരാരംഭിക്കുന്നതിന് അനുവദിക്കുമെന്ന് സുഡാന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അല്‍മുസല്ലമി അല്‍കബാഷി പറഞ്ഞു. സുഡാനില്‍ ദീര്‍ഘകാലമായി അധികാരത്തിലിരുന്ന ഉമര്‍ അല്‍ബാഷിറിനെ താഴെയിറക്കിയ പ്രതിഷേധത്തിന്റെ മൂര്‍ധന്യ ഘട്ടത്തില്‍ മെയ് അവസാനത്തോടെയാണ് അല്‍ജസീറ ക്രൂവിന്റെ ലൈസന്‍സും വര്‍ക്ക്‌പെര്‍മിറ്റും പിന്‍വലിച്ചത്.
രാജ്യത്തെ ട്രാന്‍സീഷണല്‍ മിലിട്ടറി കൗണ്‍സിലിന്റെ തീരുമാനം അറിയിച്ചതിനെത്തുടര്‍ന്ന് ന്യൂസ് ചാനലിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഉപകരണങ്ങളും മറ്റു സംവിധാനങ്ങളുമെല്ലാം കൈമാറി ഓഫീസ് അടക്കുകയായിരുന്നു. ബ്യൂറോ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനത്തെ അല്‍ജസീറ സ്വാഗതം ചെയ്തു.
ഈ തീരുമാനം അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ പ്രൊഫഷണലിസത്തിന്റെ തെളിവാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും തങ്ങളുടെ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നതിന് രാജ്യാന്തര നിയമം നല്‍കുന്ന അവകാശമാണിതെന്നും ഖത്തര്‍ ആസ്ഥാനമായുള്ള മാധ്യമശൃംഖല അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുമായുള്ള രാജ്യത്തിന്റെ നിലപാടുകളിലെ പുതിയഘട്ടമായിരിക്കും സുഡാനില്‍ ബ്യൂറോ വീണ്ടും തുറക്കാനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി അല്‍ജസീറ വ്യക്തമാക്കി.