
ദോഹ: സുഡാനുള്ള ആദ്യത്തെ വൈദ്യസഹായവുമായി ഖത്തര്‍ അമീരി എയര്‍ഫോഴ്‌സ് ഖാര്‍ത്തൂമിലെത്തി. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിക്കു കീഴിലാണ് മാനുഷിക ഇടപെടലുകളുടെ ഭാഗമായി ആദ്യ വിമാനം ഖത്തറില്‍ നിന്നും സുഡാനില്‍ പറന്നിറങ്ങിയത്.
സുഡാന്‍ ആരോഗ്യ മന്ത്രാലയത്തിനുള്ള 70 ടണ്‍ മരുന്നുകളാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വൈദ്യസഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ മരുന്നുകളുമായി ഖത്തര്‍ അമീരി എയര്‍ഫോഴ്‌സ് ഖാര്‍ത്തൂമിലെത്തുക. അതില്‍ ആദ്യഘട്ട മരുന്നുകളാണ് കഴിഞ്ഞ ദിവസം എത്തിച്ചത്. ബാക്കിയുള്ള രണ്ടു ഘട്ടങ്ങള്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കകം എത്തിക്കും.
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി റിലീഫ് ആന്റ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഡിവിഷന്‍ ജനറല്‍ ഡയറക്ടര്‍ എന്‍ജിനിയര്‍ അബ്ദുല്ല ഹസ്സന്‍ അല്‍ മെഹ്ഷാദി, ഇന്റര്‍നാഷണല്‍ റിലീഫ് കമ്മിറ്റി അംഗം അഹമ്മദ് സിയാറ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സുഡാന്‍ മിഷന്‍ തലവന്‍ എന്‍ജിനിയര്‍ ദില്‍ഷാദ് റസ്റ്റും എന്നിവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.
സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍ എന്‍ജിനിയര്‍ ഉസ്മാന്‍ ഗഫാര്‍ അബ്ദുല്ല, ഫോറിന്‍ എയ്ഡ് ഹാന്‍ഡ് ഓവര്‍ കമ്മിറ്റി തലവന്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ മൂസ ഉമര്‍ അഹമ്മദ്, നാഷണല്‍ മെഡിസിന്‍സ് ആന്റ് പോയിസന്‍സ് ബോര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ. ഇമാദ് ഉസ്മാന്‍ അബു സിയാദ്, ഖാര്‍ത്തൂമിലെ കത്തര്‍ എംബസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് വൈദ്യസഹായം ഏറ്റുവാങ്ങി.
സുഡാനീസ് ജനതയ്ക്ക് നല്കിയ സഹായത്തില്‍ ഖത്തറിനോടും ജനങ്ങളോടും ഡോ. അബു സിയാദ് നന്ദി രേഖപ്പെടുത്തി.
ദര്‍ഫൂറിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മികച്ച പങ്കാളിത്തം വഹിച്ച ഖത്തര്‍ സമാധാന ശ്രമങ്ങള്‍ നടത്തിയതിനോടൊപ്പം വൈദ്യസഹായവും അനുവദിച്ചിരുന്നു.
സിദ്‌റ മെഡിസിന്റെ സഹായത്തോടെയാണ് വൈദ്യസഹായം തയ്യാറാക്കിയതെന്നും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി അതിന് മുന്‍കൈ എടുത്തതായും എന്‍ജിനിയര്‍ അല്‍ മെഹ്ഷാദി പറഞ്ഞു.