
ദോഹ: സുഡാനില്‍ സിവിലിയന്‍ ട്രാന്സിഷന് രേഖകളുടെ ഒപ്പുവക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു. വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖിയാണ് ഖത്തര്‍ സംഘത്തെ നയിച്ചത്.
ആഫ്രിക്കന്‍ യൂണിയന്റെ ആഭിമുഖ്യത്തിലും സൗഹൃദ രാജ്യമായ എത്യോപ്യയുടെ വിശ്രമരഹിതമായ പരിശ്രമത്തിലൂടെയും സുഡാനില്‍ ഭരണഘടനാരേഖ ഒപ്പുവെക്കാനായതില്‍ സുഡാനെയും സുഡാന് ജനതയെയും ഖത്തര്‍ അഭിനന്ദിച്ചു.
സുഡാന് ജനതയുടെ പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി ആഗ്രഹിക്കുന്ന യുവജനങ്ങളുടെ ഉള്‍പ്പടെ എല്ലാ മേഖലകളുടെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് രേഖയില്‍ ഒപ്പുവെക്കാനായതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് രാഷ്ട്രീയപ്രക്രിയയില്‍ സുഡാന് ജനതയുടെ യഥാര്‍ഥ പ്രാതിനിധ്യം ഭരണഘടനാരേഖ ഉറപ്പാക്കുമെന്ന പ്രതീക്ഷയും ഖത്തര്‍ പങ്കുവെച്ചു.
സുഡാന് പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറക്കുന്നതിന് ആഫ്രിക്കന്‍ യൂണിയനും എത്യോപ്യയും നടത്തിയശ്രമങ്ങള്ക്കും ഒപ്പിടല്‍ ഔദ്യോഗികമായി പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനും ഖത്തര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.
സുഡാന്റെ ഐക്യം, സ്ഥിരത, പരമാധികാരം എന്നിവയെ പിന്തുണക്കുന്ന ഖത്തറിന്റെ ഉറച്ചനിലപാടും വിദേശകാര്യമന്ത്രാലയത്തില്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.