
ദോഹ: ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം സുപ്രധാന വളര്‍ച്ച രേഖപ്പെടുത്തി മുന്നേറുകയാണെന്ന് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ അല്‍താനി. ദോഹയില്‍ നടന്ന ഇരുരാജ്യങ്ങളുടെയും ഉന്നത തല സംയുക്ത സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളുടെയും ബൃഹത്തായ വികസനത്തിന് സംയുക്ത സമിതി നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം രാജ്യത്തെ ഏറ്റവും പിന്തുണച്ച രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി.
വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലയില്‍ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലെത്തിയതായും ഇതു കാണിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും കരുത്തുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖത്തറില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് വിദേശ കാര്യമന്ത്രി തുര്‍ക്കി കമ്പനികളെ ക്ഷണിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഖത്തര്‍ നല്‍കുന്ന പ്രാധാന്യവും ഇതിനായി നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. വിദേശ നിക്ഷേപകര്‍ക്ക് നിലവില്‍ ഖത്തറില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും മികച്ച നേട്ടങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍-തുര്‍ക്കി സംയുക്ത സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്നും ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിന് ഇതു നിര്‍ണ്ണിയകമായെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവോസൂഗ്ലൂ പറഞ്ഞു.