
ദോഹ: ഫിഫ ലോകകപ്പിന്റെ സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടപ്പാക്കുന്ന ലോകകപ്പ് നിര്‍മാണപദ്ധതികളില്‍ തൊഴിലാളികളുടെ ക്ഷേമത്തിന് നല്‍കുന്നത് മുന്തിയ പരിഗണന.
പദ്ധതികളില്‍ പങ്കാളികളാകുന്ന കരാറുകാരും കമ്പനികളും സുപ്രീംകമ്മിറ്റിയുടെ കര്മ്മപദ്ധതിക്കൊപ്പം നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. സുപ്രീംകമ്മിറ്റിയുടെ തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ ഏറ്റവും കര്ക്കശമായവയാണെന്നും അവ നിലനിര്‍ത്താന്‍ തങ്ങള്‍ വളരെയധികം പരിശ്രമങ്ങള്‍ നടത്തുന്നതായും പീജിയണ്‍ എന്‍ജിനീയറിങിന്റെ നേപ്പാളി വ്യവസായ സംരംഭകന് രാജേന്ദ്ര കുമാര്‍ ശര്‍മ്മ ചൂണ്ടിക്കാട്ടി.
ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ ഞങ്ങളും ഒപ്പം ഞങ്ങളുടെ തൊഴിലാളികളുടെ ജീവിതവും മെച്ചപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം- ശര്‍മ്മ പറഞ്ഞു. 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍ബയ്ത്ത്, അല്‍റയ്യാന്‍, അല്‍തുമാമ, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളുടെ ഉപകരാറുകാരാണ് പീജിയണ്‍ എന്‍ജിനീയറിങ്. 2016 മേയിലാണ് കമ്പനി സുപ്രീംകമ്മിറ്റിയുമായി ധാരണയാകുന്നത്. രാജേന്ദ്രകുമാര്‍ ശര്‍മ്മ 2004ലാണ് പീജിയണ്‍ എന്‍ജീനിയറിങ് സ്ഥാപിക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഖത്തറിന്റെ നഗര ഭൂപ്രകൃതിയില്‍ ശ്രദ്ധേയമായ പരിവര്ത്തനമുണ്ടായതായും തൊഴിലാളി ക്ഷേമത്തില്‍ ഒരു പുതിയ യുഗത്തിനും സാക്ഷ്യം വഹിച്ചതായും ശര്‍മ്മ പറഞ്ഞു. പീജിയണ്‍ എന്‍ജീനിയറിങ് ഏറെനാളായി മാനുഷിക വിഭവ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഖത്തറിലെ തൊഴിലാളികളുടെ ക്ഷേമത്തില്‍ സ്ഥിരമായ പുരോഗതിയും പരിവര്‍ത്തനവും പ്രകടമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 തൊഴിലാളികളുടെ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രധാനമായും തൊഴിലാളികളുടെ ക്ഷേമ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. തൊഴിലാളി ക്ഷേമമാനദണ്ഡങ്ങള് നടപ്പാക്കിയതിലൂടെ പീജിയണ്‍ എന്ജിനിറിങിലും മാറ്റങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. നൈതിക റിക്രൂട്ട്മെന്റ് മേഖലയിലും മാറ്റങ്ങളുണ്ടായി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ നിയമവിരുദ്ധ റിക്രൂട്ട്മെന്റ് ഫീസിന്റെ ഇരകളാകുമ്പോള്‍ ഖത്തറില്‍ ഇത്തരത്തില്‍ റിക്രൂട്ടിങ് ഫീസ് ഈടാക്കുന്നത് നിയമപ്രകാരം നിയമവിരുദ്ധമാണ്. തൊഴില്‍ക്ഷേമ മാനദണ്ഡപ്രകാരവും റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നത് നിരോധിച്ചിട്ടുണ്ട്. സുപ്രീംകമ്മിറ്റിയുടെ റിക്രൂട്ട്മെന്റ് ഫീസ് മടക്കിനല്‍കുന്ന സ്കീം പീജിയണ്‍ എന്‍ജിനിയറിങ് വളരെ വേഗത്തില്‍തന്നെ നടപ്പാക്കി.
ഇതിന്റെ ഭാഗമായി 2500ഓളം സുപ്രീംകമ്മിറ്റി, സുപ്രീംകമ്മിറ്റി ഇതര തൊഴിലാളികള്‍ക്ക് ഫീസ് മടക്കിനല്കുന്നതിനുള്ള നടപടികളെടുത്തു. സുപ്രീംകമ്മിറ്റിയുടെ ബാഹ്യനിരീക്ഷകരായ ഇംപാക്റ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ നൈതിക റിക്രൂട്ട്മെന്റ് ഓഡിറ്റില്‍ പീജിയണ്‍ കമ്പനി 98% സ്കോര്‍ നേടി. സുപ്രീംകമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്- ശര്‍മ്മ പറഞ്ഞു. അവബോധം, ഇടപഴകല്‍, പരിശീലനം എന്നിവ തൊഴിലാളികളുടെ ക്ഷേമത്തിന് പ്രധാനമാണ്.
സുപ്രീംകമ്മിറ്റിയോടൊപ്പം ചേര്‍ന്നുകൊണ്ട് തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും അവര്‍ക്ക് തുടര്‍പരിശീലനം നല്‍കുകയും ചെയ്തുകൊണ്ട് കമ്പനി അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുണ്ട്.
തൊഴില്‍ സൈറ്റിലും പുറത്തും പരിരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കരാറുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൊഴിലാളികളുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വിജയകരമാക്കാന്‍ സുപ്രീംകമ്മിറ്റിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ്. 2022നപ്പുറവും തൊഴിലാളികളുടെ ക്ഷേമത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനം തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി.