
ദോഹ; 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ബ്രസീലിലെ സാവോപോളോയില്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ജൂണ്‍ പതിനാല് മുതല്‍ 24വരെ ബ്രസീലിലെ സാവോപോളോയില്‍ ജെകെ ഇഗ്വാടെമി മാളിലാണ് പൊതുപ്രദര്‍ശനം.
ബ്രസീലില്‍ നാളെ തുടങ്ങുന്ന കോപ്പ അമേരിക്ക ഫുട്ബോളിനോടനുബന്ധിച്ചു കൂടിയാണ് ഖത്തര്‍ ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ഖത്തറും മത്സരിക്കുന്നുണ്ട്. സാവോപോളോയിലെ വില്ല ഒളിമ്പ്യ ഡിസ്ട്രിക്റ്റില്‍ സ്ഥിതി ചെയ്യുന്ന മാളിന്റെ മൂന്നാംനിലയിലാണ് പ്രദര്‍ശനം.
ഫിഫ ലോകകപ്പ് ഓര്‍മ്മകള്‍, ഖത്തറിലെ ഫുട്ബോള്‍ സംസ്കാരം പ്രതിഫലിക്കുന്ന ഫോട്ടോകള്‍, ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍, 2022 ലോകകപ്പിനായുള്ള ക്രമീകരണങ്ങള്‍, സ്റ്റേഡിയങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും നിര്‍മാണപുരോഗതി എന്നിവയെല്ലാം സര്‍വേയുടെ ഭാഗമാണ്. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കുന്ന എട്ടു സ്റ്റേഡിയങ്ങളുടെയും മാതൃകകള്‍ പ്രദര്‍ശിപ്പിക്കും.
ഏഷ്യന്‍ കപ്പില്‍ ചരിത്രത്തിലാദ്യമായി നേടിയ കിരീടവിജയത്തിന്റെ വിശദാംശങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായിരിക്കും. ഖത്തരി കലക്റ്റര്‍ മുഹമ്മദ് അബ്ദുല്ലത്തീഫിന്റെ ശേഖരത്തില്നിന്നുള്ളവയും പ്രദര്‍ശനത്തിലുണ്ടാകും. വിവിധമത്സരങ്ങളില്‍ ധരിച്ച ഷര്‍ട്ടുകള്‍, ഫുട്ബോളുകള്‍, ടിക്കറ്റുകള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിന്റെ സുഗമമായ നടത്തിപ്പിന് ബ്രസീല്‍ കേന്ദ്രീകരിച്ചുള്ള മുപ്പതോളം വൊളന്റിയര്‍മാരുടെ പിന്തുണയുണ്ടാകും.
എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ആസ്വാദകരുമായി ഇടപെടുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് കോപ്പ അമേരിക്കയിലെ ഖത്തറിന്റെ പങ്കാളിത്തമെന്ന് ഫിഫ ലോകകപ്പ് ഖത്തറിന്റെ ചീഫ് എക്സിക്യുട്ടീവ് നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. പ്രദര്‍ശനത്തിനുപുറമെ പത്തംഗങ്ങള്‍ ഉള്‍പ്പെട്ട സംഘത്തെ ഖത്തര്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനായി അയച്ചിട്ടുണ്ട്.
കോപ്പ അമേരിക്ക പ്രാദേശിക സംഘാടകസമിതിയുടെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കും. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് കോപ്പയില്‍ പങ്കെടുക്കുന്നത്.