
ദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മൂന്നു പൊതുപാര്‍ക്കുകള്‍ തുറന്നു.
അല്‍ബയ്ത്ത് സ്റ്റേഡിയം, അല്‍ജാനൂബ് സ്റ്റേഡിയം, വൈസ്റ്റ്ബേക്കു സമീപം ഉനൈസയില്‍ മുന്‍ അല്ഇര്സല് സ്റ്റേഷന് പരിശീലനകേന്ദ്രം എന്നിവിടങ്ങൡലാണ് ഈ പാര്‍ക്കുകള്‍. ഓരോ പാര്‍ക്കിലും ടെന്നീസ്, ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ജോഗിംഗ്, സൈക്ലിംഗ് ട്രാക്കുകള്‍, തുറസായ സ്ഥലങ്ങള്‍, ശാരീരിക വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജനങ്ങളില്‍ ആരോഗ്യവും ശാരീരികക്ഷമതയും പ്രചോദിപ്പിക്കുന്നതില്‍ ഖത്തറിന്റെ പ്രതിബദ്ധതയാണ് പാര്‍ക്കുകള്‍ തുറന്നതിലൂടെ പ്രതിഫലിക്കുന്നത്. ദേശീയ കായികദിനത്തില്‍ മൂന്നു പൊതുപാര്‍ക്കുകള്‍ തുറക്കാനായതില്‍ അഭിമാനമുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. വിശാലമായ വിനോദ പരിപാടികള്‍ക്ക് തുറന്ന വേദികളായിരിക്കും ഈ പാര്‍ക്കുകള്‍ സമ്മാനിക്കുക.
ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മൂന്നു വര്‍ഷം മുന്‍പുതന്നെ ഖത്തര്‍ 2022ന്റെ പാരമ്പര്യം പ്രദര്ശിപ്പിക്കാനാകുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ബയ്്ത്ത് പാര്‍ക്കില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ നടന്നു.
സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ബയ്ത്ത് പാര്‍ക്കിലെ പരിപാടികളില്‍ പങ്കെടുത്തു. അതേസമയം അല്‍ജാനൂബ് പാര്‍ക്കിലും അല്ഇര്സല് പാര്ക്കിലുമുളള സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ പ്രാദേശിക കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. 2022 ഫിഫ ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത ഖത്തറിലെ രണ്ടാമത്തെ സ്റ്റേഡിയമാണ് വഖ്റയിലെ അല്‍ജാനൂബ്. കഴിഞ്ഞവര്‍ഷം മെയിലായിരുന്നു ഉദ്ഘാടനം.
60,000 ഇരിപ്പിട ശേഷിയുള്ള അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ സെമിഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കും. ഈ വര്‍ഷം തന്നെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടക്കും.