
തൂണേരി, ഐഎംഎ റഫീഖ് സമീപം
ദോഹ: സുപ്രീം കോടതി ലക്ഷ്മണ രേഖ ലംഘിക്കുന്നതായും നിയമ സംവിധാനത്തിന്റെ പവിത്രതക്ക് കോട്ടം സംഭവിക്കുന്ന പല ഉത്തരവുകളും പ്രസ്താവനകളുമാണ് കോടതിയില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി.
തിരുവമ്പാടി മണ്ഡലം ഖത്തര്‍ കെഎംസിസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയാ ഫോറം ദോഹയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു.
അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് സംവരണം മൗലികാവകാശമല്ലെന്നും സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരുകളോട് നിര്‍ദേശിക്കാന്‍ കഴിയെല്ലെന്നുമാണ്. ഭരണഘടനയുടെ അനുഛേദം 16(4)ന്റെ ലംഘനമാണ് ഈ വിധി. ഭരണഘടനാപരമല്ലാത്ത വിധി കോടതികളില്‍ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിധിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും തങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടി പറഞ്ഞു. ജാമിഅയിലെ പോലീസ് അതിക്രമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഹരജിക്കാരോട് അക്രമം അവസാനിപ്പിച്ച ശേഷം വരൂ എന്നാണ് ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട കോടതി പ്രസ്താവന ഇറക്കുകയല്ല വേണ്ടത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അതിന്റെ ഭരണഘടനയിലാണ്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്നത് ഭരണഘടനയാണ്. ഈ ഭരണഘടനയുടെ ഓരോ വകുപ്പുകളും ഇല്ലായ്മ ചെയ്ത് അതിനെ പൂര്‍ണ്ണമായും തകര്‍ക്കാനാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ അനുദിനം നിഷ്‌ക്രിയമാക്കികൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ പ്രധാന സ്തംഭങ്ങളായ നിയനിര്‍മാണ സഭ, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, മീഡിയ, ഇപ്പോള്‍ സോഷ്യല്‍ മീയ എന്നിവയെ എല്ലാം ഭരണകൂടം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളും സംവാദങ്ങളും ലോക രാജ്യങ്ങള്‍ ഒന്നടങ്കം സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങള്‍ ചുട്ടെടുക്കുന്ന അവസ്ഥയാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കുറവ് ഹാജരുള്ള പ്രധാനമന്ത്രി ഒരു പക്ഷെ നരേന്ദ്ര മോദിയായിരിക്കും. അപൂര്‍വ്വമായി മാത്രം പാര്‍ലമെന്റിലെത്തുന്ന അദ്ദേഹം തന്റെ പ്രസംഗത്തിന് മാത്രമായാണ് പലപ്പോഴും ആ അവസരം വിനിയോഗിക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.
സി.എ.എക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് എക്‌സിക്യൂട്ടീവ് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം അടിച്ചൊതുക്കുന്ന സമീപനമാണ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും. രാജ്യദ്രോഹ, ഭീകരവാദ കേസുകള്‍ ചാര്‍ത്തുന്നത് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ്. രാജ്യം വളരെ വലിയ അപകടങ്ങളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇതെല്ലാമെന്ന് ഇ.ടി ബഷീര്‍മുന്നറിയിപ്പ് നല്‍കി.
സി.എ.എക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ വിജയം കാണുമെന്നതില്‍ സംശയമില്ല. ഓരോ ദിവസം കഴിയും തോറും സമരത്തിന്റെ ശക്തി വര്‍ധിച്ചുവരുകയാണ്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സമരം തുടരുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിനെ നേരിട്ടാണ് ഡല്‍ഹിയിലെ റോഡരികില്‍ കേവലം കടലാസ്തുണ്ടുകള്‍ വിരിച്ച് നൂറുകണക്കിനാളുകള്‍ കുത്തിയിരുന്ന് സമരം നടത്തിയത്. ആ പോരാട്ട വീര്യം ആര്‍ക്കും തകര്‍ക്കാനാവുന്നതല്ല. ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ദേശീയ പതാകയുമേന്തി സമരത്തില്‍ അണിനിരക്കുന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ വിജയമെന്നും ലക്ഷ്യം കാണുന്നത് വരെ ഇതു തുടരുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്നത് ആത്മാര്‍ഥതയില്ലാത്ത സമരങ്ങളാണ്. അവരുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നതും അതാണ്. നിയമ പാലകര്‍ തന്നെ അഴിമതി നടത്തുന്ന ലജ്ജിക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍ നിന്ന് വരുന്നത്. പോലീസിന്റെ തോക്ക്, ഉണ്ട എന്നിവ നഷ്ടപ്പെട്ടുവെന്നത് അത്ഭുതകരമാണ്. ഭരണാധികാരികളുടെ അറിവോടെയാണോ ഈകാര്യങ്ങള്‍ നടന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും വരും ദിവസങ്ങളില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസില്‍ മൂസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്, സികെ കാസിം എന്നിവരും പങ്കെടുത്തു.
ഐ.എംഎഫ് പ്രസിഡണ്ട് അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐഎംഎ റഫീഖ് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.