
ദോഹ: സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ നേട്ടങ്ങളും പദ്ധതികളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി വിലയിരുത്തി. സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ കൈവരിച്ച നേട്ടങ്ങളും കൗണ്‍സില്‍ അംഗീകരിച്ച ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ചട്ടക്കൂടില്‍ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളുമാണ് പ്രധാനമന്ത്രി വിലയിരുത്തിയത്.
ഇ- ഗവണ്‍മെന്റ് കര്‍മ്മപദ്ധതിക്കുള്ളില്‍ നിന്നുകൊണ്ട് ഡിജിറ്റല്‍ പരിവര്‍ത്തനമേഖലയില്‍ രാജ്യത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി
ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരിശോധിച്ചു. ലുസൈല്‍ സിറ്റിയിലെ സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ആസ്ഥാനത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മന്ത്രാലയങ്ങള്‍, അതോറിറ്റികള്‍, സ്ഥാപനങ്ങള്‍, നിയമനിര്‍മാണ- എക്‌സിക്യുട്ടീവ്- ജുഡീഷ്യല്‍ കൗണ്‍സിലുകള്‍ എന്നിവയുള്‍പ്പടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള എല്ലാ പദ്ധതികളെയും നിര്‍ദേശങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ താല്‍പര്യത്തിന്റെ ചട്ടക്കൂടിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെയും സുപ്രീംകോടതിയുടെയും പ്രസിഡന്റായ ഡോ.ഹസന്‍ ബിന്‍ ലഹ്ദന്‍ അല്‍ഹസന്‍ അല്‍മുഹന്നദി കൗണ്‍സിലിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളെക്കുറിച്ച് അവതരണം നല്‍കി. ഇലക്ട്രോണിക് സേവനങ്ങള്‍, യോഗങ്ങളുടെ നടത്തിപ്പ്, ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ദേശീയ കേഡര്‍മാര്‍ക്ക് പരിശീലനം എന്നിവ ഉള്‍പ്പടെയുള്ള മുഴുവന്‍ നീതിന്യായ വ്യവസ്ഥയും ഇതിലുള്‍പ്പെടുന്നു.
ഇതെല്ലാം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ കാഴ്ചപ്പാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്. ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍ വികസിപ്പിച്ചെടുത്ത എല്ലാ ഇലക്ട്രോണിക് സേവനങ്ങളും അവലോകനം ചെയ്തു. ഡിജിറ്റല്‍ പരിവര്‍ത്തനരംഗത്തെ സുപ്രീംജുഡീഷ്യറി കൗണ്‍സിലിന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ വികസനത്തിന് സംഭാവനകള്‍ നല്‍കുന്ന സുപ്രീംജുഡീഷ്യറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.