
ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിന് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയവും അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും(എഫ്ബിഐ) കൈകോര്‍ക്കുന്നു. ഇരുകൂട്ടരും സംയുക്തമായി ദുരന്തനിവാരണ പരിശീലന കോഴ്സും സംഘടിപ്പിച്ചു.
വിവിധ വകുപ്പുകളില്‍നിന്നുള്ള 43 ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയുള്ള പരിശീലനം അഞ്ചു ദിവസം തുടരും. 2022 ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായിക്കൂടിയാണ് പരിശീലനകോഴ്സ്.
പ്രധാന സുരക്ഷാപ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അറിവും നൈപുണ്യവും നല്കി പങ്കാളികളെ സജ്ജമാക്കുകയെന്നതാണ് കോഴ്സിന്റെ ലക്ഷ്യം. സാധ്യതയുള്ള അപകടസാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുക, സാഹചര്യങ്ങള്‍ സജ്ജമാക്കുക, അവ പരിഹരിക്കുന്നതിന് ഉചിതമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക എന്നിവയും ലക്ഷ്യമാണ്.
2022 ഫിഫ ലോകകപ്പിനായുള്ള സുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഫീല്‍ഡ് മിഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഈ കോഴ്സില്‍ സജീവമായി പങ്കെടുക്കുന്നതുകൊണ്ടുതന്നെ കോഴ്സ് സുപ്രധാനമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പ്ലാനിങ് ആന്റ് ക്വാളിറ്റി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്മാന് മാജിദ് അല്‍സുലൈത്തി പറഞ്ഞു.
ഫിഫ ലോകകപ്പ് ഉള്‍പ്പടെ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിലും ഈ കോഴ്സ് സുപ്രധാനമാണ്. ഏതുതരത്തിലുമുള്ള അപകടസാധ്യതകളെയും നേരിടുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ദൗത്യത്തെ അടിസ്ഥാനമാക്കി ഈ ടൂര്‍ണമെന്റില്‍ ഉണ്ടാകാനിടയുള്ള ഭീഷണികളെയും അപകടസാധ്യതകളെയും നേരിടാന്‍ ആഭ്യന്തരമന്ത്രാലയം പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
2022 ഫിഫ ലോകകപ്പ് ആതിഥേയത്വം സുരക്ഷിതമാക്കുന്നതിന് സംഭാവന നല്‍കുകയെന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ 2018-2022 കര്‍മ്മപദ്ധതിയുടെ പ്രധാന ലക്ഷ്യം.