in

സുല്‍ത്താന്‍ ഖാബൂസിന് വിട

ഹൈതം ബിന്‍ താരിഖ് അല്‍സഈദി പുതിയ ഭരണാധികാരി

ഖത്തറില്‍ മൂന്നു ദിവസം ദുഃഖാചരണം

സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് ഒമാന്‍ എല്ലാ മേഖലകളിലും വിപ്ലവകരമായ പുരോഗതി കൈവരിച്ചു. അദ്ദേഹത്തിന്റെ സത്കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവ് വിശ്വാസികളുടേയും രക്തസാക്ഷികളുടേയും കൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കട്ടെ.

  • അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

മസ്‌ക്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മയ്യിത്ത് ഖബറടക്കി. ഗാലയിലെ ഖബര്‍സ്ഥാനിലാണ് സുല്‍ത്താനെ ഖബറടക്കിയത്.
ആധുനിക ഒമാന്റെ ശില്‍പിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 79-ാം വയസ്സിലാണ് നിര്യാതനായത്. 2014 മുതല്‍ അര്‍ബുദത്തിന് യൂറോപ്പില്‍ ചികിത്സയിലുള്ള സുല്‍ത്താന്റെ മരണ കാരണം വാര്‍ത്ത പുറത്തുവിട്ട ഒമാന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച വൈകിട്ടാണ് സുല്‍ത്താന്‍ അന്തരിച്ചത്.
ഒരു ഗള്‍ഫ് രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് അധികാരമേറ്റത്. 29-ാം വയസ്സിലാണ് അദ്ദേഹം അധികാരമേറ്റത്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റേയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടേയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയില്‍ ജനിച്ച അദ്ദേഹം സലാലയിലും പൂനെയിലുമാണ് വിദ്യാഭ്യാസം നടത്തിയത്. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ആധുനിക യുദ്ധതന്ത്രത്തില്‍ നൈപുണ്യം നേടിയ സുല്‍ത്താന്‍ പശ്ചിമ ജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം ചെയ്തിരുന്നു. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌ക്കത്ത് ആന്റ് ഒമാന്‍ എന്ന പേര് അദ്ദേഹമാണ് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി മാറ്റിയത്.

ഹൈതം ബിന്‍ താരിഖ് അല്‍സഈദ്‌


പുതിയ ഒമാന്‍ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍സഈദിനെ തെരഞ്ഞെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പൈതൃക സാംസ്‌ക്കാരിക മന്ത്രിയാണ് അദ്ദേഹം.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം രേഖപ്പെടുത്തി. സുല്‍ത്താന്റെ മരണത്തില്‍ അനുശോചിച്ച് ഖത്തറില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മഹാനായ നേതാവായിരുന്നുവെന്നും വിജ്ഞാനവും മിതത്വവും ദീര്‍ഘദൃഷ്ടിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നുവെന്നും അമീരി ദിവാനില്‍ നിന്നും പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തേയും സമുദായത്തേയും സേവിക്കാന്‍ ജീവിതം സമര്‍പ്പിച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. അക്രമവും തീവ്രനിലപാടുകളും ത്യജിച്ച് എപ്പോഴും ചര്‍ച്ചകളുടെ പാത തെരഞ്ഞെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അതീവ ദുഃഖത്തോടെയാണ് സുല്‍ത്താന്റെ മരണ വാര്‍ത്ത കേട്ടതെന്നും ഖത്തര്‍ അമീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് ഒമാന്‍ എല്ലാ മേഖലകളിലും വിപ്ലവകരമായ പുരോഗതി കൈവരിച്ചതായും അദ്ദേഹത്തിന്റെ സത്കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്കട്ടെയെന്നും അദ്ദേഹത്തിന്റെ ആത്മാവ് വിശ്വാസികളുടേയും രക്തസാക്ഷികളുടേയും കൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. സുല്‍ത്താന്റെ വിയോഗം മൂലമുള്ള നഷ്ടം അതിജീവിക്കാന്‍ ഒമാന്‍ രാജകുടുംബത്തിനും ജനതയ്ക്കും അറബ്- ഇസ്#ലാമിക സമൂഹത്തിനും ദൈവം ശക്തിയും ക്ഷമയും നല്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അശ്രദ്ധമായി വാഹനമോടിക്കല്‍; ശിക്ഷ കടുപ്പിച്ച് ഗതാഗത വകുപ്പ്‌