in , , , , ,

സുല്‍ത്താന്‍ ഖാബൂസ് ഖത്തറിന്റെ ഉറ്റ സുഹൃത്ത്‌

രാജ്യത്തിനും ജനങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച നേതാവെന്ന് അമീര്‍
ഖത്തറില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം, പരിപാടികള്‍ റദ്ദാക്കി

ആര്‍ റിന്‍സ്
ദോഹ

ഖത്തറുമായി അടുപ്പവും ഊഷ്മളമായ ബന്ധവും പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂര്‍. ഗള്‍ഫ് പ്രതിസന്ധി ഘട്ടങ്ങളിലുള്‍പ്പടെ ഖത്തറുമായി മികച്ച ബന്ധവും സഹകരണവുമാണ് ഒമാന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുശക്തമായ വാണിജ്യ സാംസ്‌കാരിക സഹകരണമാണുള്ളത്. അയല്‍രാജ്യങ്ങളുടെ ഉപരോധത്തില്‍ ഖത്തറിന്റെ വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഒമാന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി കാലയളവില്‍ ഖത്തര്‍ ഒമാന്‍ സഹകരണവും ഉഭയകക്ഷിബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുകയും ചെയ്തു.


ആറു അറേബ്യന്‍ പെനിന്‍സുല രാജ്യങ്ങള്‍ ചേര്‍ന്നു സ്ഥാപിച്ച ജിസിസിയുടെ 1981ലെ അബുദാബി സ്ഥാപക കൗണ്‍സിലില്‍ പങ്കെടുത്തവരില്‍ അവശേഷിച്ച ഏക ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അവസാനമായിരിക്കുന്നത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച ജിസിസി ഉച്ചകോടികളില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2007ലെ ദോഹ ഉച്ചകോടിയിലുള്‍പ്പടെ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
അമീറുമായും പിതാവ് അമീറുമായും സുല്‍ത്താന്‍ ഊഷ്മളമായ വ്യക്തിബന്ധവും പുലര്‍ത്തിയിരുന്നു. ഒമാന്‍ സുല്‍ത്താന്റെ വിയോഗത്തില്‍ ഖത്തറില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചു. ആഘോഷപരിപാടികളൊന്നും ഈ ദിവസങ്ങളിലുണ്ടാകില്ല. ദുഖാചരണത്തിന്റെ ഭാഗമായി ആസ്പയറില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ആസ്പയര്‍ തടാകോത്സവത്തിന്റെ രണ്ടാംദിനത്തിലെ പരിപാടികളും കത്താറയിലെ കഹ്‌റമന്‍ ആംബര്‍ പ്രദര്‍ശനവും റദ്ദാക്കി.

സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അമീര്‍ അനുശോചിച്ചു. ജ്ഞാനം, മിതത്വം, ദീര്‍ഘകാല ദര്‍ശന,ം ലക്ഷ്യബോധം എന്നിവയാല്‍ സമ്പന്നനായ ഒരു മികച്ച നേതാവായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂറെന്ന് അമീര്‍ അനുശോചന പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെയും തന്റെ ജനങ്ങളെയും സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. സുല്‍ത്താന്‍ ഖാബൂസ് സംഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ആഹ്വാനം ചെയ്യുകയും അക്രമങ്ങളെയും തീവ്രവാദത്തെയും തള്ളിക്കളയുകയും ചെയ്തു- അമീരി ദിവാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അമീര്‍ ഊന്നിപ്പറഞ്ഞു. ഹൃദയം നിറഞ്ഞ ദുഖത്തോടെയും സങ്കടത്തോടെയും അല്ലാഹുവിലും അവന്റെ കരുതലിലുമുള്ള വിശ്വാസത്തോടെയുമാണ് സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗവാര്‍ത്ത സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സുല്‍ത്താന്റെ ഭരണകാലത്ത് ഒമാനില്‍ എല്ലാ മേഖലകളിലും സമഗ്രമായ നവോത്ഥാനം പ്രകടമായതായും അമീര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സത്കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെയെന്നും അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണ കാണിക്കട്ടെയെന്നും വിശ്വാസികളുടേയും രക്തസാക്ഷികളുടേയും കൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു.
സുല്‍ത്താന്റെ വിയോഗം മൂലമുള്ള നഷ്ടം അതിജീവിക്കാന്‍ ഒമാന്‍ രാജകുടുംബത്തിനും ജനതയ്ക്കും അറബ്- ഇസ്‌ലാമിക സമൂഹത്തിനും സര്‍വശക്തന്‍ ശക്തിയും ക്ഷമയും നല്‍്കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. ‘തീര്‍ച്ചയായും, ഞങ്ങള്‍ ദൈവത്തിന്റേതാണ്, ദൈവത്തിങ്കലേക്ക് ഞങ്ങള്‍ മടങ്ങിവരും,’- പ്രസ്താവനയില്‍ പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദിന് അനുശോചന സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി എന്നിവരും അനുശോചന സന്ദേശം അയച്ചു.
ഗള്‍ഫ് പ്രതിസന്ധിയില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച സുല്‍ത്താന്‍ ഖാബൂസ് കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ പിന്തുണക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി മേഖലാവിഷയങ്ങളില്‍ ന്യൂട്രലായ നയസമീപനമാണ് ഒമാന്‍ സ്വീകരിച്ചുപോരുന്നത്. പ്രതിസന്ധികളില്‍ പക്ഷം ചേരാന്‍ ആഗ്രഹിച്ചിരുന്നില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും നയതന്ത്രപാലം പോലെ വര്‍ത്തിച്ചിരുന്നത് ഒമാനായിരുന്നു.
ഗള്‍ഫ് പ്രതിസന്ധിക്കുശേഷം ഖത്തര്‍ ഒമാന്‍ ഉഭയകക്ഷിവ്യാപാരത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഒമാന്‍ തുറമുഖങ്ങള്‍ മുഖേനയുള്ള വ്യാപാരവും വര്‍ധിച്ചു.
പുതിയതായി ചുമതലയേറ്റ സുല്‍ത്താന്‍ ഹൈഥാം ബിന്‍ താരിഖ് ബിന്‍ തൈമൂറും ഖത്തറുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിത്വമാണ്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നു. ഒമാന്‍ സാംസ്‌കാരിക പൈതൃക വകുപ്പു മന്ത്രിയായിരുന്നു ആ ഘട്ടത്തില്‍ അദ്ദേഹം. അമീറുമായി കൂടിക്കാഴച നടത്തുകയും അമീറിനൊപ്പം മ്യൂസിയം സന്ദര്‍ശനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദരസൂചകമായി അമീരിദിവാനില്‍ ഖത്തര്‍ പതാക പകുതി താഴ്ത്തിക്കെട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഓപ്പണ്‍ ടെന്നീസിനെ പ്രശംസിച്ച് വിദേശ മാധ്യമപ്രവര്‍ത്തകര്‍

നോ സിഎഎ, നോ എന്‍ആര്‍സി; ഊരിദൂ മാരത്തണിലും ആവേശമായി ഇസ്മാഈല്‍