
ദോഹ: സുസ്ഥിരവികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) സംബന്ധിച്ച ഉന്നതതല യുഎന്‍ യോഗത്തില്‍ യുഎന്‍ എസ്ഡിജി അഡ്വക്കേറ്റും എജ്യൂക്കേഷന്‍ എബൗവ് ഓള് ചെയര്‍പേഴ്സണുമായ ശൈഖ മൗസ ബിന്ത് നാസര്‍ പങ്കെടുത്തു. യുഎന്‍ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് ഉന്നതതലയോഗത്തിന് ആതിഥ്യം വഹിച്ചത്.
2030ലെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎന്‍ അഡ്വക്കേറ്റ്സ് തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതിന് സെക്രട്ടറി ജനറലിന് ശൈഖ മൗസ നന്ദി പറഞ്ഞു.ലോകമെമ്പാടുമായി സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് എജ്യൂക്കേഷന്‍ എബൗവ് ഓള് പ്രവര്‍ത്തിക്കുന്നത്. സംഘര്‍ഷം മൂലമുണ്ടാകുന്ന നാശത്തിന്റെ തോത് സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കേണ്ടതുണ്ട്.
എസ്ഡിജി പുരോഗതിയെയും പ്രത്യേകിച്ച് വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും അവബോധം നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2015ല്‍ ആരംഭിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 ഓടെ സാര്‍വത്രിക സമാധാനം കൈവരിക്കാനും ലോകത്തെ സുസ്ഥിരമായി പരിവര്‍ത്തനം ചെയ്യാനും ലക്ഷ്യമിടുന്നു.
ദാരിദ്ര്യം, പട്ടിണി, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറലിനെ സഹായിക്കാനും 2030 ലെ അജണ്ട കൈവരിക്കുന്നതിന് ആക്കം കൂട്ടാനും 16 പ്രമുഖരെ അഡ്വക്കേറ്റായി നിയോഗിക്കുകയായിരുന്നു. ശൈഖ മൗസയെ 2019ല്‍ വീണ്ടും അഡ്വക്കേറ്റായി നിയോഗിച്ചു.