
ദോഹ: ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030 അടിസ്ഥാനമാക്കി പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍കുവാരി. നിലവിലത്തെയും ഭാവിയിലെയും ജനങ്ങളുടെ ദീര്‍ഘ കാല ആരോഗ്യം ലക്ഷ്യമിട്ടാണ് സുസ്ഥിര ആരോഗ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് അവര്‍ അറിയിച്ചു.
വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തുമായി (വിഷ്) ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ‘കുട്ടികള്‍ക്കായി ആരോഗ്യമുള്ള ഒരു നഗരം’ എന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു ഹനാന്‍ അല്‍കുവാരി. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി, വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള വിദഗ്ധര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ നയം 2018-2022ലെ രണ്ട് ലക്ഷ്യങ്ങളായ ‘ഹെല്‍ത്ത് ഇന്‍ ആള്‍പോളിസീസ്, ഹെല്‍ത്തി ചില്‍ഡ്രന്‍ ആന്റ് അഡോളസന്റ്’ എന്നിവയാണ് സിംപോസിയത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗര അംഗീകരം 2022ഓടെ കരസ്ഥമാക്കാനാണ് ഖത്തര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് സുസ്ഥിരമായ ആരോഗ്യ പരിരക്ഷ ഇതിലൂടെ ഉറപ്പ് വരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ നഗരമെന്ന ലക്ഷ്യത്തിലേക്കെത്താനുള്ള പരിതസ്ഥിതി നിലവില്‍ ഖത്തറിനുണ്ട്. പല നഗരങ്ങളിലും അതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയും ചെയ്യുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ പങ്കാളികളും ഒത്തുചേര്‍ന്നാണ് ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ നഗരത്തിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രം സിംപോസിയത്തില്‍ പ്രദര്‍ശിപ്പിച്ചു.