in ,

സൂഖ് വാഖിഫിലും വഖ്‌റ സൂഖിലും ഈദ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി

സൂഖ് വാഖിഫിലെ ഈദുല്‍ അദ്ഹ ആഘോഷപരിപാടികളില്‍ നിന്ന്

ദോഹ: സൂഖ് വാഖിഫിലും വഖ്‌റ സൂഖിലും ഈദുല്‍ അദ്ഹ ആഘോഷ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. പ്രൈവറ്റ് എന്‍ജിനിയറിങ് ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍. കുടുംബങ്ങള്‍ക്കായി ആകര്‍ഷകമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രണ്ടിടങ്ങളിലും വിപുലമായ എസി ടെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി വിവിധങ്ങളായ കളിപ്പാട്ടങ്ങള്‍, മത്സരങ്ങള്‍, വിനോദഗെയിമുകള്‍ എന്നിവ ഈ ടെന്റുകളില്‍ ക്രമീകരിച്ചിരിക്കുന്നു. കൂടുതല്‍ കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്നതിനായി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂഖ് വാഖിഫില്‍ കുട്ടികള്‍ക്കായി മത്സരങ്ങളുമുണ്ട്.

സൂഖ് വാഖിഫ്, സൂഖ് അല്‍വഖ്‌റ എന്നിവിടങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. സൂഖ് വാഖിഫില്‍ നാടോടി, സാംസ്‌കാരിക പ്രകടനങ്ങള്‍, പരേഡുകള്‍, സംഗീത ഷോകള്‍, കുട്ടികള്‍ക്കായി പ്രത്യേക ഗെയിമുകള്‍ എന്നിവയ്‌ക്കൊപ്പം വെടിക്കെട്ടുകളുമുണ്ട്. ഈദ് ദിനങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയാണ് പരിപാടികള്‍.

ആയിരക്കണക്കിന് പേര്‍ ഈ ദിവസങ്ങളില്‍ ആഘോഷപരിപാടികളില്‍ പങ്കാളികളാകുന്നു. സൂഖ് വാഖിഫില്‍ ഈദിന്റെ രണ്ടാംദിനം മുതലാണ് പരിപാടികള്‍ക്കു തുടക്കമായത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ പരിപാടികളാണുള്ളത്. ഈദ് അവധിദിനങ്ങളില്‍ സ്വദേശികളുടെയും പ്രവാസികളുടെയും ഏറ്റവും ജനപ്രിയമായ ഒഴിവുകാല കേന്ദ്രമാണ് സൂഖ് വാഖിഫ്.

അല്‍അഹമ്മദ് അറീനയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റാണ് മുഖ്യ ആകര്‍ഷണം. കുട്ടികള്‍ക്കായുള്ള വ്യത്യസ്തമായ ഗെയിമുകള്‍ ഇവിടെയുണ്ട്. രാജ്യാന്തര സര്‍ക്കസാണ് പ്രധാന ആകര്‍ഷണം. ഒരു ദിവസം മൂന്നു ഷോയാണ് അരങ്ങേറുന്നത്. യൂറോപ്യന്‍ കലാകാരന്‍മാരാണ് ഷോയില്‍ പങ്കെടുക്കുന്നത്. ഒരു മണിക്കൂറിലധികമാണ് ഷോയുടെ ദൈര്‍ഘ്യം.

20 റിയാലാണ് പ്രവേശന ഫീസ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സൂഖ് അല്‍വഖ്‌റയില്‍ സന്ദര്‍ശകരെത്തുന്നുണ്ട്. വഖ്‌റ സൂഖില്‍ വിനോദ ഷോകള്‍ക്കൊപ്പം അക്രോബാറ്റിക് ഷോകളുമുണ്ട്. ഹൊറര്‍ ഹൗസാണ്(ബുദ്രിയ) സൂഖ് വഖ്‌റയിലെ മുഖ്യ ആകര്‍ഷണം. ധൈര്യവും ദൃഢനിശ്ചയവും സഹനശക്തിയുമെല്ലാം അടങ്ങുന്ന വിവിധതരം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. 25 റിയാലാണ് പ്രവേശന ഫീസ്.

ഹൊറര്‍ ഹൗസില്‍ പത്ത് റൂമുകളാണുള്ളത്. ഭീകര കഥാപാത്രങ്ങളെയാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇവിടെ പ്രവേശനമുണ്ടാകില്ല. സാഖ് വഖ്‌റയിലെ പാര്‍ക്കിങ് ഏരിയക്കു സമീപത്തായി വിശാലമായ ടെന്റും സജ്ജമാക്കിയിട്ടുണ്ട്.

ചെമ്മരിയാട് പ്രമേയമായ വിവിധ ഗെയിമുകളാണ് ഇവിടെയുള്ളത്. സ്വിമ്മിങ് ഷീപ്പ്, ചെമ്മരിയാടുകളെ അടിക്കുക, ആടുകളെ മേയ്ക്കുക, ആടുകളെ തട്ടിക്കൊണ്ടുപോകുക, ദാഹാര്‍ത്തരായ ആടുകള്‍, ആടുകളെ വേട്ടയാടല്‍ തുടങ്ങിയ ഗെയിമുകളാണുള്ളത്. ടെന്റുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഗെയിമുകള്‍ക്കം റൈഡുകള്‍ക്കും പത്തുറിയാലാണ് ഫീസ്. ഇരു സൂഖുകളിലും വെള്ളിയാഴ്ചവരെ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പതിനൊന്നുവരെയാണ് പരിപാടികള്‍. ദോഹ മെട്രോയുടെ റെഡ്‌ലൈന്‍ സര്‍വീസ് തുടങ്ങിയത് ഇരു സൂഖുകളിലേക്കും സന്ദര്‍ശകരുടെ യാത്രാഗതാഗതം സുഗമമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രളയ ബാധിതര്‍ക്കായി ഖത്തര്‍ കെഎംസിസി പ്രാര്‍ത്ഥന സദസ്സ്

കത്താറയിലെ ഈദ് ആഘോഷങ്ങള്‍ വേറിട്ട അനുഭവമായി; ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍