
ദോഹ: സൂഖ് വാഖിഫ്, സൂഖ് അല്‍വഖ്റ എന്നിവിടങ്ങളിലെ ഈദ് ആഘോഷപരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. പരമ്പരാഗത രീതിയിലുള്ള പരിപാടികളാണ് രണ്ടിടങ്ങളിലുമായി നടന്നത്. നാടോടി പ്രകടനങ്ങള്‍, പരേഡുകള്‍ എന്നിവയ്ക്കൊപ്പം വെടിക്കെട്ടുകളും കുട്ടികളും കുടുംബങ്ങളും ഉള്‍പ്പടെയുള്ള സന്ദര്‍ശകരെ വലിയതോതില്‍ ആകര്‍ഷിച്ചു.
സൂഖുകളുടെ മാനേജ്മെന്റുകളുടെ സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലാണ് പരിപാടികള്‍ ഒരുക്കിയിരുന്നത്. ഈദിന്റെ ഒന്നാം ദിനം മുതല്‍ അഞ്ചാംദിനം വരെയായിരുന്നു പരിപാടികള്‍. ആയിരക്കണക്കിന് പേര് ഈ ദിവസങ്ങളില്‍ ആഘോഷപരിപാടികളില്‍ പങ്കാളികളായി.

എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയായിരുന്നു പരിപാടികള്‍. രാജ്യാന്തര കലാകാരന്മാരുടെ പ്രകടനങ്ങളും സാംസ്കാരിക അവതരണങ്ങളും ഈദ് ആഘോഷങ്ങളില്‍ വേറിട്ട അനുഭവമായി. സൂഖ് വാഖിഫില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റ് സജ്ജമാക്കിയിരുന്നു. കുട്ടികള്‍ക്കായുള്ള വ്യത്യസ്തമായ ഗെയിമുകളായിരുന്നു ഇവിടത്തെ മുഖ്യ ആകര്‍ഷണം.
വിര്‍ച്വല്‍ റിയാലിറ്റി(വിആര്‍). വീഡിയോ ഗെയിമുകള്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു. ഖത്തറിലെ ഏറ്റവും ജനപ്രിയകേന്ദ്രമാണ് സൂഖ് വാഖിഫ്. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടത്തെ സ്വീകരിക്കുന്നതിനായുള്ള തയാറെടുപ്പുകളെല്ലാം നേരത്തെതന്നെ പൂര്‍ത്തിയാക്കിയിരുന്നു. അമ്യൂസ്മെന്റ് റൈഡുകള്‍, ബോള്പിറ്റ്, ട്രംപോലിന്‍, മിനി മൃഗശാല തുടങ്ങിയവയെല്ലാം സന്ദര്‍ശകത്തിരക്ക് വര്‍ധിക്കാനിടയാക്കി.
മൂങ്ങ, പക്ഷികള്‍, കുരുക്കന്, കംഗാരു എന്നിവ ഉള്‍പ്പടെയുള്ളവ മൃഗശാലയിലുണ്ടായിരുന്നു. സൂഖ് വഖ്റയിലും ആഘോഷങ്ങളില്‍ വന്‍ജനപങ്കാളിത്തമുണ്ടായി. വെടിക്കെട്ടും ആകര്‍ഷകമായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സൂഖ് അല്‍വഖ്റയില്‍ സന്ദര്ശകരെത്തുന്നുണ്ടെന്ന് മാനേജര്‍ ഖാലിദ് സെയ്ഫ് അല്‍സുവൈദി പറഞ്ഞു.