in ,

സൃഷ്ടികളുടെ നിര്‍ദ്ദേശങ്ങള്‍ നേരത്തേയും വാങ്ങിയെന്ന് കലാകാരന്‍; പരിഭവത്തിന് ഇനി അവസരമുണ്ടാവില്ലെന്ന് അധികൃതര്‍

അശ്‌റഫ് തൂണേരി

ഖത്തരി കലാകാരന്മാരും നഗര സൗന്ദര്യവത്കരണ സമിതിയുടെ അംഗങ്ങളും

ദോഹ: നഗര സൗന്ദര്യവത്കരണത്തിന്റെ പദ്ധതികള്‍ക്കായി കലാ സൃഷ്ടികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നേരത്തേ പല പ്രൊപ്പോസലുകളും നല്‍കിയെന്നും നിരാശയായിരുന്നു ഫലമെന്നും തുറന്നടിച്ച് ഖത്തരി കലാകാരന്‍. സുപ്രീം കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷന്‍ ഓഫ് റോഡ്‌സ് ആന്റ് പബ്ലിക് പ്ലൈസസ് എന്ന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന സമ്മേളനത്തിലാണ് മുതിര്‍ന്ന ഖത്തരി കലാകാരന്‍ യൂസുഫ് അഹ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2006 ഏഷ്യന്‍ ഗെയിംസ് നടക്കുന്നതിന്റെ മുന്നോടിയായും അല്ലാതേയും പല തവണകളിലായി ഏറെ അധ്വാനിച്ചും ആലോചിച്ചും കലാ സൃഷ്ടികളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് നിരാശയായിരുന്നു ഫലം. അതൊന്നും പ്രായോഗികമായിട്ടില്ല. പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ടവരും ഇതേപോലെ തന്നെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ഇത്തരം പരിഭവങ്ങള്‍ക്ക് മേലില്‍ അവസരമുണ്ടാക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് നഗര സൗന്ദര്യവത്കരണ സമിതിയുടെ ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് അറുഖൂബ് അല്‍ഖാലിദി വ്യക്തമാക്കി. വളരെ ക്രിയാത്മകമായും സമയബന്ധിതമായും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിതെന്നും കലാകാരന്മാര്‍ക്ക് അവരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും നിയപരമായി ചെയ്യുമെന്നും ഖത്തര്‍ മ്യൂസിയംസ് പബ്ലിക് ആര്‍ട് വിഭാഗം മേധാവി എഞ്ചിനീയര്‍ അബ്ദുര്‍റഹിമാന്‍ അല്‍ഇസ്്ഹാഖ് മറുപടി പറഞ്ഞു.

വളരെ ഗൗരവതരമായ ഇടപെടല്‍ എന്ന നിലയിലാണ് താന്‍ ഈ പദ്ധതിയുടെ ഭാഗമായതെന്ന് ഖത്തരി കലാകാരനായ സല്‍മാന്‍ അല്‍മാലിക് വ്യക്തമാക്കി. ഇത് നടപ്പിലാക്കാനുള്ള പദ്ധതിയാണെന്നും കലാകാരന്മാര്‍ക്ക് സധൈര്യം മുന്നോട്ടുപോവാമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഈ ചോദ്യം ക്രിയാത്മക വിമര്‍ശനമായി ഉള്‍ക്കൊള്ളു ന്ന വെന്നറിയിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാന വ്യക്തിത്വങ്ങള്‍ തന്നെ മറുപടി പറഞ്ഞത് ശ്രദ്ധേയമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹയുടെ നഗര സൗന്ദര്യത്തിന് ഇനി കലാരൂപങ്ങളുടെ ചാരുതയും