
ദോഹ: അല്‍സെയ്‌ലിയയിലെയും വഖ്‌റയിലെയും സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പുകള്‍ അനുവദിക്കുന്നതിനുള്ള പൊതു ലോട്ടറിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും ഹസാദിന്റെ ഉപകമ്പനിയായ അസ്വാഖ് ഫോര്‍ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയുടെയും നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. അല്‍സെയ്ലിയ, അല്‍വഖ്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലെ ഷോപ്പുകള്‍ക്കായി 13,970 അപേക്ഷകളാണ് ലഭിച്ചത്. ആകെ 316 ഷോപ്പുകള്‍ പൊതു ലോട്ടറിയിലൂടെ അനുവദിച്ചപ്പോള്‍ 445 ഷോപ്പുകള്‍ ലോട്ടറിയില്ലാതെ ഈ മാര്‍ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. സെയ്ലിയയിലെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെയും വഖ്‌റയിലെ സെന്‍ട്രല്‍ ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും ഷോപ്പുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി അസ്വാഖ് നേരത്തെ വാണിജ്യമന്ത്രാലയവുമായി സഹകരിച്ച് നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിലും വാണിജ്യപരമായ വഞ്ചനകളെ നേരിടുന്നതിലും കുത്തക നടപടികള്‍ തടയുന്നതിലും ഖത്തറിന്റെ താല്‍പ്പര്യത്തിനനുസൃതമായാണ് രണ്ടു സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ അല്‍താനി പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിലവാരങ്ങള്‍ക്കും അനുസൃതമായി സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ രാജ്യം താല്‍പര്യപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ മാര്‍ക്കറ്റുകള്‍ സഹായിക്കും. ദേശീയ ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക മേഖലകള്‍ നീക്കിവെച്ചിട്ടുണ്ട്. അബുഹമൂറിലെ പഴയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 445 സ്റ്റോറുകള്‍ പുതിയ മാര്‍ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും വിപണി ശക്തി നിലനിര്‍ത്തുന്നതിനുമായാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്താതെ പഴയ മാര്‍ക്കറ്റിലെ ഷോപ്പുകളെ നേരിട്ട് പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റിയതെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ്‌സ് വകുപ്പിലെ സ്റ്റാന്റിങ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുല്ല ഖലീഫ അല്‍കുവാരി പറഞ്ഞു. ഉംസലാലിലെ മത്സ്യ മാര്‍ക്കറ്റിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം തുടക്കത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലേല യാര്‍ഡുകളും റീട്ടെയില്‍ സ്റ്റോറുകളും നവീകരിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുന്‍പാണ് ഉംസലാലില്‍ മത്സ്യമാര്‍ക്കറ്റ് തുറന്നത്.