in ,

സൊമാലിയയിലെ ഹോബ്യോ തുറമുഖത്ത് ഖത്തര്‍ നിക്ഷേപം പ്രഖ്യാപിച്ചു

ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും സൊമാലിയ തുറമുഖ സമുദ്ര ഗതാഗത മന്ത്രി മര്‍യാന്‍ ഉവൈസ് ജമായും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: സൊമാലിയയിലെ ഹോബ്യോ തുറമുഖത്ത് ഖത്തര്‍ നിക്ഷേപം പ്രഖ്യാപിച്ചു. ഖത്തര്‍ തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തറാണ് നിക്ഷേപത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും സൊമാലിയ തുറമുഖ സമുദ്ര ഗതാഗത മന്ത്രി മര്‍യാന്‍ ഉവൈസ് ജമായും മൊഗാദിഷുവില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം മധ്യ സൊമാലിയയിലെ മുദുഗ് മേഖലയില്‍ ഹോബ്യോ തുറമുഖം നിര്‍മിക്കുന്നതിലും വികസിപ്പിക്കുന്നതിലും സൊമാലിയയുമായി ഖത്തര്‍ ചേര്‍ന്നുപ്രവര്‍ത്തിക്കും. സൊമാലിയയെ പിന്തുണക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് നിക്ഷേപം.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധത്തിന്റെ കരുത്ത് ഈ നിക്ഷേപം പ്രതിഫലിപ്പിക്കും. സമുദ്രഗതാഗത മേഖലയിലെ സഹകരണത്തില്‍ സുപ്രധാനമാണ് ഈ നിക്ഷേപം. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും പ്രയോജനകരമായിരിക്കും. സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ഇതു സഹായിക്കും.

ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായും സുരക്ഷാമേഖലയിലെ നൂതന നിലവാരത്തിനനുസരിച്ചും ഹോബ്യോ തുറമുഖം രൂപകല്‍പ്പന ചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നിക്ഷേപവരുമാനവും മികച്ച വ്യവസായ അവസരങ്ങളും കണക്കിലെടുത്ത് സൊമാലിയക്ക് നിരവധി സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാക്കുന്ന വിധത്തിലായിരിക്കും തുറമുഖം വികസിപ്പിക്കുക. സൊമാലിയയിലെ വിശാലമായ പ്രദേശങ്ങളിലേക്ക് സമുദ്ര സേവനങ്ങള്‍ നല്‍കാനാകും.

കൂടാതെ ആഫ്രിക്കയിലെ പുതിയ വിപണികളുമായുള്ള വാണിജ്യബന്ധം വര്‍ധിപ്പിച്ച് രാജ്യാന്തര വിപണികളിലേക്കുള്ള പ്രവേശനത്തിനും തുറമുഖം വഴിതുറക്കും. ലോകത്തിലെ ഏറ്റവും സുപ്രധാനമായ, കടല്‍ മുറിച്ചുകടക്കുന്ന പോയിന്റുകളിലൊന്നായ ബാബ് അല്‍മന്ദാബ് കടലിടുക്കിന്റെ സാമീപ്യം കാരണം ഹോബ്യോ തുറമുഖത്തിന് സവിശേഷമായ പ്രധാന്യമുണ്ട്.

രാജ്യത്തിന്റെ തെക്കും വടക്കുംതമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യസൊമാലിയയിലെ മുദുഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്നുവെന്നതും തുറമുഖത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഹോബ്യോ തുറമുഖ നിര്‍മാണപദ്ധതി നടപ്പാക്കുന്നതിലൂടെ പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന നല്‍കുമെന്നും മര്‍യാന്‍ ഉവൈസ് ജമാ പറഞ്ഞു.

ഖത്തറില്‍ തുറമുഖങ്ങളും ഷിപ്പിങ് ടെര്‍മിനലുകളും കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം മവാനി ഖത്തറിനാണ്. ഡ്രൈ തുറമുഖങ്ങള്‍, കണ്ടെയ്‌നര്‍ തുറമുഖങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവുമുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തുറമുഖങ്ങളും അനുബന്ധ സേവനങ്ങളും വികസിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് തയാറെടുപ്പ്: ഖത്തര്‍ ഷൂട്ടിങ് ടീം ബ്രസീലില്‍

എക്‌സോണ്‍ മൊബീലുമായി ഖത്തര്‍ പെട്രോളിയം വില്‍പ്പന കരാര്‍ പ്രഖ്യാപിച്ചു