സ്‌ക്രീന്‍ ഫോര്‍ ലൈഫിന്റെ ബ്രാന്‍ഡ് അംബാസഡറായി ശൈഖ ബിന്‍ത് യൂസുഫ് ബിന്‍ ഹസന്‍ അല്‍ജുഫൈരി

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) സ്തന ഉദരാര്‍ബുദ ബോധവത്കരണ കാമ്പയിന്‍ ശക്തമാക്കി. സ്തന, ഉദരാര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സയിലൂടെ രോഗവിമുക്തി നേടുന്നത് സംബന്ധമായ അവബോധം എല്ലാപേരിലേക്കും എത്തിക്കുയെന്നതാണ് ലക്ഷ്യമിടുന്നത്. അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനുള്ള ദേശീയ ബോധവത്കരണ പരിപാടിയായ സ്‌ക്രീന്‍ ഫോര്‍ ലൈഫ് പ്രകാരം രോഗപ്രതിരോധത്തിനായി സ്തനപരിശോധനയ്ക്ക് വിധേയരാകാന്‍ പ്രോത്സാഹിപ്പിക്കും.
കാമ്പയിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്‌ക്രീന്‍ ഫോര്‍ ലൈഫ് പ്രോഗ്രാമിന്റ ബ്രാന്‍ഡ് അംബാസഡറായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവും നിയമകാര്യകമ്മിറ്റി മേധാവിയുമായ ശൈഖ ബിന്‍ത് യൂസുഫ് ബിന്‍ ഹസന്‍ അല്‍ജുഫൈരിയെ നിയോഗിച്ചു.
സന്നദ്ധ കാരുണ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തരി വനിത ശൈഖ ലീന ബിന്‍ത് നാസര്‍ ബിന്‍ ഖാലിദ് അല്‍താനി, ഷെഫ് അയിഷ അല്‍തമീമി, അഭിനേതാവ് ആദെല്‍ അല്‍അന്‍സാരി, ജേര്‍ണലിസ്റ്റും ടിവി അവതാരകനുമായ അഖീല്‍ സാലേഹ് അല്‍ജനാഹി എന്നിവര്‍ നിലവില്‍ പ്രോഗ്രാമിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ തുടര്‍ച്ചയായ മൂന്നു സെഷനുകളില്‍ വോട്ടര്‍മാരുടെ വിശ്വാസം നേടിയ ആദ്യ വനിതയെന്ന നിലയില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വ്യക്തിത്വമാണ് ശൈഖ ബിന്‍ത് യൂസുഫ് ബിന്‍ ഹസന്‍ അല്‍ജുഫൈരിയെന്നും 45-69 വയസുകാരിലേക്ക് കാമ്പയിന്റെ പ്രയോജനം എത്തിക്കാനാകുമെന്നും പിഎച്ച്‌സിസിയിലെ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ മാനേജര്‍ ഡോ.ശൈഖ അബു ശൈഖ പറഞ്ഞു.
ദേശീയ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ സമ്മതിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സുപ്രധാന ലക്ഷ്യത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ അല്‍ജുഫൈരിയും പ്രതികരിച്ചു. രാജ്യത്ത് സ്തന, ഉദര അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദേശീയ പദ്ധതിക്ക് തുടക്കമിട്ടത്.
അര്‍ബുദത്തിന്റെ പ്രകടമായ ലക്ഷണം ഇല്ലാത്തവരെയാണ് പരിശോധനക്കായി പ്രേരിപ്പിക്കുന്നത്. പ്രധാന മാളുകളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം കാമ്പയിന്റെ സന്ദേശം എത്തിക്കുന്നുണ്ട്. സ്തനാര്‍ബുധ പരിശോധനക്കായി വനിതകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അര്‍ബുദത്തെക്കുറിച്ചുള്ള അറിവും അവബോധവും നല്‍കുക, രോഗം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.
സ്വകാര്യത കാത്തുസൂക്ഷിച്ചു കൊണ്ട് നടത്തുന്ന പരിശോധനയിലൂടെ രോഗം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ സാധ്യമാക്കി രോഗത്തിന്റെ അപകട സാധ്യത കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ ഹെല്‍ത്ത് സെന്ററുകളിലാണ് സ്‌ക്രീന്‍ ഫോര്‍ ലൈഫ് പ്രകാരമുള്ള അര്‍ബുദ പരിശോധന നടത്തുന്നത്. കൂടാതെ മൊബൈല്‍ പരിശോധന യൂണിറ്റും സജ്ജമാണ്.
45നും 69നും ഇടയില്‍ പ്രായമുള്ള സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്ലാത്ത വനിതകളെയാണ് കാമ്പയിന്‍ ലക്ഷ്യംവയ്ക്കുന്നത്. പുരുഷന്‍മാരിലും വനിതകളിലും 50നും 54വയസിനുമിടയില്‍ പ്രായമുള്ളവരിലാണ് സാധാരണായി ഉദരാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്.
അന്‍പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഉദരാര്‍ബുദ പരിശോധനയ്ക്ക് വിധേയമാകണം. പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി എച്ച്എംസിയിലേക്ക് റഫര്‍ ചെയ്യും.പ്രകടമായ ലക്ഷണമില്ലാത്തവരും നിശ്ചിത പ്രായപരിധിയുള്ളവരും പരിശോധനാക്യാമ്പയിനില്‍ പങ്കെടുക്കണം.
വളരെ ലളിതവും സുഗമവുമായ നടപടിക്രമങ്ങളുമാണ് പരിശോധനക്കുള്ളത്. ഉന്നത വൈദഗ്ധ്യം നേടിയ സംഘമാണ് പരിശോധനാ വിഭാഗത്തിലുള്ളത്.