
ദോഹ: ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനകരമാകുന്ന സുപ്രധാന വിസ പരിഷ്കാരങ്ങളുമായി ഖത്തര്‍. സ്ഥിര താമസ അനുമതിയുള്ള പ്രവാസി ആണ്മക്കള്ക്ക് സ്പാണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാനുള്ള അനുമതി, സ്വകാര്യ കമ്പനികള്‍ക്ക് താല്‍ക്കാലിക തൊഴില്‍വിസ എന്നിവയാണ് നിലവില്‍ വരികയെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ നിരക്കില്‍ 20 ശതമാനം വരെ കുറവ് നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിലവില്‍ ഖത്തറിലെ പ്രവാസികളായ പെണ്മക്കള്ക്കു മാത്രമേ വിസ മാറാതെ ജോലി ചെയ്യാനുള്ള അനുമതിയുള്ളൂ. ആണ്മക്കള്ക്ക് കൂടി സ്പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാനാകുമെന്നത് നിരവധി പേര്‍ക്ക് പ്രയോജനകരമാകും. പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ള ആണ്മക്കള്ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതിനായി ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടണം. പുതിയ തീരുമാനം നടപ്പാകുന്നതോടെ പ്രവാസി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിസ മാറാതെ ജോലി ചെയ്യാം. സ്വകാര്യ മേഖലയിലെ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അംഗീകൃത ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലിക തൊഴില്‍ വിസയും ഉടന്‍ പ്രാബല്യത്തിലാകും. ഒന്നു മുതല്‍ ആറു മാസം വരെയാണ് താല്‍ക്കാലിക തൊഴില്‍ വീസ അനുവദിക്കുന്നത്. ഒരു മാസത്തേക്ക് 300 റിയാല്‍,
രണ്ടു മാസത്തേക്ക് 500 റിയാല്‍, മൂന്നു മുതല്‍ ആറു മാസത്തേക്ക് ഒരു മാസം 200 റിയാല്‍ വീതവുമാണ് ഫീസ് അടക്കേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര മന്ത്രാലയമാണ് വിസ അനുവദിക്കുക. ഖത്തര്‍ വിസ സെന്ററുകള്‍ വഴിയാണ് ഇവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഭരണവികസന തൊഴില്‍ സാമൂഹ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേര്‍ന്നാണ് തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.
ചില പ്രൊഫഷനുകളിലും തൊഴില്തസ്തികകളിലുമാണ് താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന് അല്‍ ഉബൈദലി, നിയമ കാര്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് അബ്ദുല്ല അല്‍ ഹരാമി എന്നിവര്‍ പങ്കെടുത്തു.
രാജ്യത്തെ പ്രവാസികളുടെ ആണ്മക്കളുടെ തൊഴില്‍ശേഷി ഉപയോഗപ്പടുത്തുന്നതില്‍ ഖത്തറിന്റെ താല്പര്യത്തിന്റെയും ഉദ്ദേശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടികളെന്ന് ബ്രിഗേഡിയര്‍ അല്‍അതീഖ് പറഞ്ഞു. പ്രവാസികളുടെ ആണ്മക്കളുടെ തൊഴിലിന്റെ കാര്യത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ആ സ്ഥാപനങ്ങളിലേക്ക് മാറ്റാതെ തന്നെ തൊഴില്‍ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് നിരവധി നിര്‍ദേശങ്ങള്‍ പഠനവിധേയമാക്കിയിരുന്നു.
2015ലെ 21ാം നമ്പര്‍ നിയമത്തിലെ 17ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കു വിധേയമായി നിയമനിര്‍മാണം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ഭേദഗതിയിലൂടെ പ്രവാസി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്വകാര്യമേഖലയില്‍ ഏതു തൊഴിലുടമയുടെ കീഴിലും തങ്ങളുടെ റസിഡന്‍സ് മാറ്റാതെതന്നെ ജോലി ചെയ്യാനാകും.
കുടുംബത്തിലെ രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയും ആവശ്യമായ ഫീസ് അടച്ചതിനുശേഷം ഭരണവികസന തൊഴില്സാമൂഹ്യകാര്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറ്റിയില്നിന്നുള്ള വര്‍ക്ക് പെര്‍മിറ്റുമാണ് ജോലി ചെയ്യാന്‍ ആവശ്യമായിവരുന്നത്. ചില തൊഴിലുകളിലും പ്രൊഫഷനുകളിലുമാണ് താല്‍ക്കാലിക വര്‍ക്ക് വിസ ഏര്‍പ്പെടുത്തുന്നത്. ചില അടിയന്തര സന്ദര്‍ഭങ്ങളിലും താല്‍ക്കാലിക, സീസണല്‍ ജോലികള്‍ക്കായി താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കും.