
ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ ഖത്തറിന്റെ ഒന്നാംനമ്പര്‍ ക്ലബ്ബ് അല്‍സദ്ദ് വിജയക്കുതിപ്പ് തുടരുന്നു. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തെത്തുടര്‍ന്ന് മാറ്റിവെച്ച സ്റ്റാര്‍സ് ലീഗ് മൂന്നാം റൗണ്ട് മത്സരത്തില്‍ അല്സെയ്ലിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അല്‍സദ്ദ് പരാജയപ്പെടുത്തി. അല്‍ജാനൂബ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതോടെ ലീഗിലെ ഇതുവരെ നടന്ന നാലു മത്സരങ്ങളും സദ്ദ് വിജയിച്ചു.
എല്ലാ മത്സരങ്ങളും ജയിച്ച ഏക ക്ലബ്ബും അല്‍സദ്ദാണ്. പന്ത്രണ്ടു പോയിന്റുമായാണ് സദ്ദ് ടേബിളില്‍ ഒന്നാമതെത്തിയത്. എട്ടാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ബാഗ്ദാദ് ബൗനദ്ജയും 79-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെതന്നെ അക്രം അഫീഫും 82-ാം മിനുട്ടില്‍ അലി അസദുമാണ് സദ്ദിന്റെ ഗോളുകള്‍ സ്കോര്‍ ചെയ്തത്.
84-ാം മിനുട്ടില്‍ കരീം അന്‍സാരിയാണ് അല്സെയ്ലിയയുടെ ഏകഗോള്‍ സ്കോര്‍ ചെയ്തത്. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് സെയ്ലിയ. ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയും ഉള്‍പ്പടെ നാലു പോയിന്റുകളാണ് സെയ്ലിയക്കുള്ളത്.