in ,

സ്റ്റാര്‍സ് ലീഗ്: അല്‍അറബിക്കു ജയം, റയ്യാന്‍-ഉംസലാല്‍ മത്സരം സമനിലയില്‍

സ്റ്റാര്‍സ് ലീഗില്‍ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന അല്‍അരബി- അല്‍അഹ്‌ലി മത്സരത്തില്‍ നിന്ന്

ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ അല്‍അറബിക്കു വിജയം. അല്‍ജാനൂബ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ അല്‍അഹ്‌ലി ക്ലബ്ബിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍അറബി വിജയിച്ചത്. 23, 68 മിനുട്ടുകളില്‍ ഹംദി ഹര്‍ബോയിയും 51-ാം മിനുട്ടില്‍ പിയറി മൈക്കേല്‍ ലസോഗയുമാണ് അല്‍അറബിയുടെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

35-ാം മിനുട്ടില്‍ ഹെര്‍മാന്‍ ഗോണ്‍സാലെസാണ് അല്‍അഹ്‌ലിയുടെ ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തത്. ഹെയ്മിര്‍ ഹാള്‍ഗ്രിംസ്സണാണ് അല്‍അറബിയുടെ പരിശീലകന്‍. മത്സരത്തിന്റെ തുടക്കംമുതല്‍ ആക്രമണാത്മക ശൈലിയിലൂന്നിയായിരുന്നു അല്‍അറബി കളിച്ചത്. 2014-15 സീസണില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഹംദി ഹര്‍ബോയി പുതിയ സീസണില്‍ അല്‍അറബിക്കുവേണ്ടിയും മികച്ച കളിയാണ് കെട്ടഴിച്ചത്.

വെള്ളിയാഴ്ച തന്നെ അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന അല്‍റയ്യാന്‍- ഉംസലാല്‍ മത്സരം സമനിലയില്‍ കലാശിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ സ്‌കോര്‍ ചെയ്തു. അല്‍റയ്യാനിലേക്ക് ഇത്തവണയെത്തിയ ലീ ജെയ്ക് എട്ടാം മിനുട്ടിലും റോഡ്രിഗോ തബാത 31-ാം മിനുട്ടിലും ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

ഉംസലാലിനുവേണ്ടി സിറിയന്‍ താരം മഹ്മൂദ് അല്‍മവാസ് ആറാം മിനുട്ടിലും 71-ാം മിനുട്ടിലുമാണ് ഗോളുകള്‍ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ രണ്ടു മത്സരങ്ങളോടെ ലീഗിലെ ആദ്യ റൗണ്ട് പൂര്‍ത്തിയായി.

അല്‍സദ്ദ്, ഗരാഫ, അല്‍അറബി, അല്‍ദുഹൈല്‍ ടീമുകള്‍ വിജയത്തോടെയാണ് ലീഗിന് തുടക്കംകുറിച്ചത്. ഗോള്‍ശരാശരിയില്‍ അല്‍സദ്ദാണ് മുന്നില്‍. ആഗസ്ത് 29, 30, 31 തീയതികളിലാണ് രണ്ടാംറൗണ്ട് മത്സരങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ല

വിദ്യാഭ്യാസമന്ത്രി ദര്‍ഹം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി