in ,

സ്റ്റാര്‍സ് ഓഫ് സയന്‍സ് റിയാലിറ്റി ഷോ 11-ാം സീസണ്‍ ഇന്നു മുതല്‍

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര റിയാലിറ്റി ഷോ ആയ സ്റ്റാര്‍സ് ഓഫ് സയന്‍സ് റിയാലിറ്റി ഷോയുടെ 11-ാം സീസണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഷോയുടെ ആദ്യ എപ്പിസോഡ് ഇന്നായിരിക്കും. പുതിയ ഫോര്‍മാറ്റില്‍ സുസ്ഥിരതക്കും നൂതനതക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇത്തവണ ഷോയെന്ന സവിശേഷതയുമുണ്ട്.

ഇന്നു മുതല്‍ ഖത്തര്‍ ടെലിവിഷനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് അറബ് ലോകത്ത് ഏറെ ആസ്വാദകരുണ്ട്. രാത്രി പത്തിനാണ് സംപ്രേഷണം. രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം സെപ്തംബര്‍ 14ന് വൈകുന്നേരം അഞ്ചിനാണ്. നവംബര്‍ എട്ടുവരെ വാരാന്ത്യങ്ങളിലാണ് സംപ്രേഷണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സ്റ്റാര്‍സ് ഓഫ് സയന്‍സിന്റെ ഔദ്യോഗിക വെബ്‌സറ്റില്‍ ലഭ്യമാണ്.

ഒരു ശരാശരി റിയാലിറ്റി റ്റിവിഷോയില്‍നിന്നും വ്യത്യസ്തമായി ശാസ്ത്രകുതുകികള്‍ക്ക് ആവേശകമാകുന്ന ഒട്ടേറെ കാഴ്ചകളാണ് ഈ ഷോയുടെ പ്രത്യേകത. അറബ് മേഖലയിലെ യുവ അറബ് ഗവേഷകര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള മികച്ച അവസരമാണ് ഷോ. ലോകമെമ്പാടുമുമുള്ള 18നും 35വയസിനുമിടയില്‍ പ്രായമുള്ള അറബ് യുവജനങ്ങള്‍ക്കാണ് അവസരം.

അവരുടെ കമ്യൂണിറ്റികളില്‍ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യകള്‍ രൂപകല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതും അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനും പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുസ്ഥിര സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്ടിക്കാന്‍ മത്സരാര്‍ഥികളെ പ്രോത്‌സാഹിപ്പിക്കുന്നതായിരിക്കും ഈ സീസണിലെ മത്സരം.

ലോകത്തിന് മുമ്പത്തെക്കാളും സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ മീഡിയാ റിലേഷന്‍സ് മാനേജര്‍ ഖലീഫ ഈസ്സ അല്‍ ഖുബൈസി പറഞ്ഞു. നമ്മുടെ കാലത്തെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ സേവിക്കുന്ന കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പരിഹാരങ്ങള്‍ വികസിപ്പിക്കുവരെ അംഗീകരിക്കുകയാണ് സ്റ്റാര്‍സ് ഓഫ് സയന്‍സിലൂടെ ചെയ്യുന്നത്.

വിദഗ്ദ്ധരായ ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കും മത്സരങ്ങള്‍. പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളുമാണ് ഷോയെ ആകര്‍ഷകമാക്കുന്നത്. 2009ലാണ് ഷോയുടെ ആദ്യ എഡീഷന്‍ തുടങ്ങിത്. നവീനമായ കണ്ടെത്തലുകള്‍ നടത്തുന്നതിനും അതു പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും ശാസ്ത്രാഭിരുചിയുള്ള യുവജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.

നവീനതയോടുള്ള ഇഷ്ടത്തില്‍ നിന്നാണ് സ്റ്റാര്‍സ് ഓഫ് സയന്‍സ് ഷോ തുടങ്ങുന്നത്. ശാസ്‌തേമേഖലയില്‍ തല്‍പ്പരരായ പ്രതിഭയുള്ള യുവജനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഈ ഷോ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്റ്റാര്‍സ് ഓഫ് സയന്‍സ് ഷോയില്‍ മുന്‍കാലങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ തുടര്‍ന്നും കഴിവ് തെളിയിച്ചിട്ടുണ്ട്. ഷോയിലെ പൂര്‍വ മത്സരാര്‍ഥികള്‍ ഇതിനോടകം അന്‍പതിലധികം പ്രാദേശിക, രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

നിരവധി ഫലപ്രദമായ കണ്ടുപിടുത്തങ്ങളും ഷോയിലൂടെ സാധ്യമായി.പുതിയ കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വേദിയാവുകയാണ് സ്റ്റാര്‍സ് ഓഫ് സയന്‍സ് റിയാലിറ്റി ഷോയുടെ 11-ാം സീസണ്‍. പുതിയ സീസണില്‍ ഒന്‍പത് എപ്പിസോഡുകളായിരിക്കും ഉണ്ടാകുക. നൂറു കണക്കിനു പേരാണ് അപേക്ഷിച്ചത്. ഇതില്‍നിന്നാണ് മികച്ചവരെ തെരഞ്ഞെടുത്തത്.

എട്ടു മത്സരാര്‍ഥികള്‍ തങ്ങളുടെ പദ്ധതികള്‍ അവതരിപ്പിക്കും. ഇവര്‍ പങ്കിടുന്ന നൂതനമായ പ്ലാറ്റ്‌ഫോമാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. അത്യാധുനിക സൗകര്യങ്ങളാണ് മത്സരവേദിയില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫസര്‍ ഫുവാദ് മരാദ്, പ്രൊഫസര്‍ അബ്ദുല്‍ഹാമിദ് അല്‍സുഹൈരി, ഡോ.ഖാലിദ് അല്‍അലി എന്നിവരാണ് ജൂറി അംഗങ്ങള്‍. അന്തിമഘട്ടത്തിലേക്കെത്തുന്ന നാലു ഫൈനലിസ്റ്റുകള്‍ക്കായി സമ്മാനത്തുക അനുവദിക്കും.

കഴിഞ്ഞ സീസണുകളിലായി സ്റ്റാര്‍സ് ഓഫ് സയന്‍സിന്റെ 139 മത്സരാര്‍ഥികള്‍ ചേര്‍ന്ന് 14 മില്യണിലധികം ഡോളറാണ് വരുമാനം, ക്രൗഡ്ഫണ്ടിങ്, ഗവേഷണഗ്രാന്റ് എന്നീ ഇനങ്ങളിലായി സമാഹരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2022 ലോകകപ്പ്: പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍

മുഖൈനിസ് കാലാവസ്ഥാകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു